kerala-police

തിരുവനന്തപുരം : പൊലീസ് സേനയിൽ വൻ അഴിച്ചു പണിയുമായി സ‍ർക്കാർ. തുട‍ർച്ചയായി ​ഗുണ്ടാ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന തിരുവനന്തപുരത്ത് പുതിയ കമ്മിഷണറും റൂറൽ എസ്.പിയും എത്തും. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ പദവി ഐ.ജി റാങ്കിലേക്ക് ഉയർത്തി.

എഡിജിപി, ഐജി റാങ്കിലേക്ക് പ്രമോഷനോട് കൂടി വിവിധ ഉദ്യോ​ഗസ്ഥരെ മാറ്റിനിയമിച്ചിട്ടുള്ള ഉത്തരവ് പുറത്തു വന്നു. ഐജിമാരായ മഹിപാൽ യാദവ്, ബൽറാം കുമാ‍ർ ഉപാദ്ധ്യായ എന്നിവരെ എ.ഡി.ജി.പി.മാരായി പ്രമോട്ട് ചെയ്തു. ട്രെയിനിം​ഗ് ചുമതലയുള്ള എ.ഡി.ജി.പിയായി ബൽറാം കുമാ‍ർ ഉപാദ്ധ്യായയ്ക്ക് പുതിയ നിയമനം നൽകി. എ.ഡി.ജി.പി യോ​ഗേഷ് ​ഗുപ്തയെ പൊലീസ് അക്കാഡമി ഡയറക്ടറായി മാറ്റി നിയമിച്ചു. ‌‌‌

ക്രമസമാധാന ചുമതലയുള്ള ​ദക്ഷിണമേഖല ഐ.ജി ഹ‍ർഷിത അട്ടല്ലൂരിയെ ഇന്റലിജൻസിലേക്ക് മാറ്റി. ബൽറാം കുമാർ ഉപാദ്ധ്യായയ്ക്ക് പകരക്കാരനായി ഐ.ജി ജി.സ്പർജൻ കുമാർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാവും.

ആറ് ഡി.ഐ.ജിമാരെ ഐ.ജി റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്. ഐ.ജി റാങ്കിലേക്ക് എത്തിയ അനൂപ് കുരുവിള ജോണിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡിൽ നിയമിച്ചു. ട്രാഫിക്കിൻ്റെ ചുമതലയും അദ്ദേഹത്തിന് നൽകി. . പി.പ്രകാശാണ് പുതിയ ദക്ഷിണമേഖല ഐജി. കെ.സേതുരാമനെ പൊലീസ് അക്കാഡമിയിൽ നിയമിച്ചു. കെ.പി. ഫിലിപ്പിന് ക്രൈംബ്രാഞ്ചിൽ നിയമനം കിട്ടി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനം ഐ.ജി റാങ്കിലേക്ക് ഉയ‍ർത്തി. പ്രമോഷൻ ലഭിച്ച നിലവിലെ കമ്മീഷണർ എ.വി.ജോർജ് ഇവിടെ തുടരും.

അഞ്ച് എസ്.പിമാരെ ഡി.ഐ.ജി റാങ്കിലേക്ക് ഉയ‍ർത്തിയിട്ടുണ്ട്. പ്രമോഷൻ ലഭിച്ച ആർ.നിശാന്തിന് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിയാവും. സഞ്ജയ് കുമാർ ​ഗുരുഡിനിനെ ആംഡ് പൊലീസ് ബറ്റാലിയനിൽ നിയമിച്ചു. രാഹുൽ ആർ നായർ കണ്ണൂർ റേഞ്ച് ഐ. ജിയായി തുടരും. പുട്ട വിമലാദിത്യ, അജിത ബീ​ഗം, സതീഷ് ബിനോ എന്നിവ‍ർ കേന്ദ്ര സർവീസിലേക്ക് ഡെപ്യൂട്ടേഷനിൽ പ്രവേശിച്ചു.

എസ്.പി അം​ഗിത് അശോകിനെ തിരുവനന്തപുരം ഡി.സി.പിയായി നിയമിച്ചു. വൈഭവ് സക്‌സേനയാണ് പുതിയ കാസർകോഡ് എസ്.പി. പി.ബി രാജീവിനെ കണ്ണൂർ റൂറൽ എസ്.പിയായും ആമോസ് മാമനെ കോഴിക്കോട് ഡി.സി.പിയായും നിയമിച്ചു. സ്വപ്നിൽ മധുകർ മഹാജൻ പുതിയ പത്തനംതിട്ട എസ്.പിയാവും. ദിവ്യ ഗോപിനാഥിനെ തിരുവനന്തപുരം റൂറൽ എസ്.പിയായും ഐശ്വര്യ ഡോ​ഗ്രയെ തൃശ്ശൂർ റൂറൽ എസ്.പിയായും നിയമിച്ചിട്ടുണ്ട്.