
മുംബയ്: ദക്ഷിണാഫ്രിക്കയിലെ ഏകദിന പരമ്പരയിൽ നിന്ന് ക്യാപ്ടൻ രോഹിത് ശർമ്മയെ ഒഴിവാക്കി. പരമ്പര തുടങ്ങുന്നതിന് മുമ്പ് പരിശീലന ക്യാമ്പിൽ വച്ചേറ്റ പരിക്ക് ഭേദമാകാത്തതിനാലാണ് രോഹിത്തിനെ ടീമിൽ നിന്ന് ഒഴിവാക്കിയത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിൽ നിന്ന് രോഹിത് നേരത്തെ തന്നെ പിന്മാറിയിരുന്നു. രോഹിത്തിന്റെ പരിക്ക് ഭേദമായിട്ടില്ലെന്നും താരത്തെ ടീമിലെടുത്ത് റിസ്ക് എടുക്കേണ്ട ആവശ്യം നിലവിലില്ലാത്തത് കാരണമാണ് പരമ്പരയിൽ നിന്ന് ഒഴിവാക്കിയതെന്നും സെലക്ടർമാർ അറിയിച്ചു.
രോഹിത്തിന്റെ അഭാവത്തിൽ വൈസ് ക്യാപ്ടൻ കെ എൽ രാഹുൽ പതിനെട്ടംഗ ടീമിനെ നയിക്കും. ജസ്പ്രീത് ബുമ്രയാണ് വൈസ് ക്യാപ്ടൻ. പരിക്കേറ്റ് വിശ്രമത്തിൽ കഴിയുന്ന അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നിവരെയും ടീമിലേക്ക് പരിഗണിച്ചില്ല. അതേസമയം ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റിൽ മിന്നും പ്രകടനത്തിലൂടെ ഇന്ത്യൻ വിജയത്തിന് കാരണക്കാരനായ മുഹമ്മദ് ഷമിക്ക് സെലക്ടർമാർ വിശ്രമം അനുവദിച്ചിട്ടുണ്ട്. അടുത്ത ഏകദിന ടി ട്വന്റി ക്യാപ്ടൻ സ്ഥാനത്തേക്ക് കെ എൽ രാഹുലിനെ പരിശീലിപ്പിച്ച് എടുക്കാനുള്ള ഒരവസരമായാണ് ഈ പരമ്പരയെ കാണുന്നതെന്നും രാഹുൽ ഇതിന് മുമ്പും ടീമിനെ നയിക്കാനുള്ള തന്റെ കഴിവ് തെളിയിച്ചിട്ടുണ്ടെന്നും സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ മൂന്ന് ഏകദിനങ്ങൾ കളിക്കും. പാൾ, കേപ്ടൗൺ എന്നിവിടങ്ങളിലായി നടക്കുന്ന ഏകദിനങ്ങൾ ജനുവരി 19, 21, 23 തീയതികളിലായി നടക്കും.
ടീം: കെ എൽ രാഹുൽ (ക്യാപ്ടൻ), ശിഖർ ധവാൻ, റിതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കൊഹ്‌ലി, സൂര്യ കുമാർ യാദവ്, ശ്രേയസ് അയ്യർ, വെങ്കിടേഷ് അയ്യർ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), യുസ്‌വേന്ദ്ര ചാഹൽ, രവിചന്ദ്രൻ അശ്വിൻ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്ടൻ), ഭുവനേശ്വർ കുമാർ, ദീപക് ചാഹർ, പ്രസിദ് കൃഷ്ണ, ശാർദുൽ താക്കൂർ, മൊഹമ്മദ് സിറാജ്