malappuarm

കണക്കുകൂട്ടലുകൾ ഓരോന്നായി പിഴയ്‌ക്കുകയാണ് മുസ്‌ലിം ലീഗിന്. നിയമസഭ,​ തദ്ദേശ തിരഞ്ഞെടുപ്പ് മുതൽ ഈ പിഴവിന്റെ ആഴവും പരപ്പും കൂടിയിട്ടുണ്ട്. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ മുസ്‌ലിം സംഘടനകളെ അണിനിരത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ലീഗിന്റെ ശ്രമം തുടക്കത്തിലേ പാളി. ലീഗിന്റെ ചാലക ശക്തിയും വോട്ടുബാങ്കുമായ ഇ.കെ.സുന്നി വിഭാഗം തന്നെ ഈ നീക്കം തകർത്തതിന്റെ ഞെട്ടലിലാണ് ലീഗ്. കേരളത്തിലെ മുസ്‌ലിം സമുദായത്തിലെ ഏറ്റവും പ്രബല വിഭാഗമാണിവർ. ഇ.കെ.സുന്നിയെങ്കിൽ ലീഗ് പ്രവർത്തകനെന്ന അലിഖിത നിയമം പോലുമുണ്ട്. പള്ളികളിലെ പരസ്യ പ്രതിഷേധത്തിൽ നിന്ന് പിന്മാറിയ ഇ.കെ സുന്നി വിഭാഗം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് കൂടി വ്യക്തമാക്കിയത് ലീഗിന് കനത്ത തിരിച്ചടിയായിട്ടുണ്ട്. കഴിഞ്ഞ ദിവസം മലപ്പുറത്ത് അടിയന്തര പ്രവർത്തക സമിതി യോഗം ചേർന്ന് പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചെങ്കിലും സമസ്തയുടെ മനംമാറ്റത്തിൽ കടുത്ത അതൃപ്തിയിലാണ് ലീഗ് നേതൃത്വം.

എന്നിട്ടും പാളി

വഖഫ് ബോർഡിലെ പി.എസ്.സി നിയമനത്തെ എന്തു വില കൊടുത്തും തടയണമെന്ന വികാരമാണ് മുസ്‌ലിം ലീഗിന്. വഖഫ് ബോർഡ് ചെയർമാൻ സ്ഥാനവും അംഗങ്ങളുമെല്ലാം കൂടുതൽ കാലം അലങ്കരിച്ചതും ലീഗ് നേതാക്കളാണ്. ജീവനക്കാരിൽ നല്ലൊരു പങ്കും ലീഗ് അനുകൂലികളാണെന്ന ആരോപണമുണ്ട്. സർക്കാർ നീക്കത്തിന് പിന്നാലെ വിവിധ മുസ്‌‌ലിം സംഘടനകളുടെ സംയുക്ത യോഗം വിളിച്ചുചേ‌ർത്ത് ലീഗ് പിന്തുണ ഉറപ്പാക്കിയിരുന്നു. മുജാഹിദ്,​ ജമാഅത്ത് വിഭാഗങ്ങൾ പൂർണപിന്തുണ പ്രഖ്യാപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ മലപ്പുറത്ത് ഇടത് മുന്നണിയുമായി പലവട്ടം ധാരണയുണ്ടാക്കിയ ജമാ അത്തെ ഇസ്‌ലാമി ഇന്ന് ഇടതിന്റെ കളത്തിന് പുറത്താണ്. ജമാ അത്തെ ഇസ്‌ലാമിയെയും എസ്.ഡി.പി.ഐയെയും ഒരേ തുലാസിൽ തൂക്കുന്ന ഇടതുമുന്നണിയുടെ നിലപാടിൽ കടുത്ത അമർഷത്തിലാണ് ജമാഅത്തെ നേതൃത്വം. അടുത്ത കാലത്ത് ലീഗ് വേദികളിൽ ജമാഅത്തിന്റെ സാന്നിദ്ധ്യവുമുണ്ട്. എം.ഇ.എസും എം.എസ്.എസും പല വിഷയങ്ങളിലും ലീഗ് നിലപാടുകൾക്കൊപ്പം നിന്നിട്ടുണ്ട്. സർക്കാർ‌ തീരുമാനത്തിനെതിരെ പ്രക്ഷോഭവുമായി മുന്നോട്ടുപോവാൻ ലീഗ് തീരുമാനിച്ചതും ഈ അനുകൂല ഘടകങ്ങൾ മുന്നിൽ കണ്ടായിരുന്നു. പക്ഷെ തുടക്കം തന്നെ പാളിയ അവസ്ഥയിലാണ് ലീഗ്.

പൗരത്വം മാറ്റിയ നിലപാട്

പൗരത്വ നിയമത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നിലപാടുകളെ സമസ്ത പ്രശംസിച്ചത് ലീഗ് കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരുന്നു. ഇടത് നേതാക്കളെ പ്രശംസിക്കുന്ന പതിവ് സമസ്തയ്‌ക്കില്ല. തൊട്ടുപിന്നാലെ ലീഗ് നേതാക്കൾ സമസ്ത നേതാക്കൾക്കെതിരെ പരസ്യവിമർശനവുമായി രംഗത്തുവന്നു. സമസ്ത ആരുടെയും ആലയിലല്ലെന്നും സ്വതന്ത്ര സംഘടനയാണെന്നും സമസ്ത നേതൃത്വം തുറന്നടിച്ചു. സമീപകാലത്ത് ലീഗിനെതിരെ സമസ്തയിൽ നിന്നുയർന്ന ശക്തമായ താക്കീതായിരുന്നു ഈ സംഭവം. കേരള പര്യടനവുമായി ബന്ധപ്പെട്ട് കോഴിക്കോട് നടന്ന മുഖ്യമന്ത്രിയുടെ പരിപാടിയിൽ സമസ്തയുടെ രണ്ട് നേതാക്കൾ പങ്കെടുത്തതോടെ സമസ്ത ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാർ,​ മുശാവറ അംഗം ഉമർ ഫൈസി മുക്കം എന്നിവർക്കെതിരെയും വലിയ സൈബർ ആക്രമണം ലീഗ് അണികളിൽ നിന്നുണ്ടായി. അധിക്ഷേപം അതിരുകൾ വിട്ടപ്പോഴും ലീഗ് നേതൃത്വം മൗനമവലംഭിച്ചെന്ന വികാരവും സമസ്തയ്ക്കുണ്ടായിരുന്നു. സമസ്തയിലെ ഒരുവിഭാഗത്തിന്റെ അകൽച്ച പോലും ലീഗിന്റെ അടിവേരിളക്കുമെന്ന തിരിച്ചറിവിൽ ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങൾ തന്നെ നേരിട്ടിറങ്ങി അനുനയന ചർച്ചകൾക്ക് നേതൃത്വമേകി. അഭിപ്രായ ഭിന്നകളില്ലെന്നും ഒരുമിച്ച് മുന്നോട്ടു പോകുമെന്ന് ഇരുനേതൃത്വങ്ങളും പരസ്യപ്രതികരണങ്ങൾ നടത്തി വർഷമൊന്ന് തികയും മുമ്പെ വഖഫിന്റെ പേരിൽ വീണ്ടും ഇരുധ്രുവങ്ങളിലായി ഇരുകൂട്ടരും.

കുറച്ചുകാലമായി സമസ്തയിലെയും മുസ്‌ലിം ലീഗിലെയും ഒരുവിഭാഗം നേതാക്കൾ പരസ്പരം ശീതസമരത്തിലാണ്. ലീഗിനെ മുസ്‌ലിം സമുദായത്തിന്റെ പൊതു പ്ലാറ്റ്ഫോമാക്കി മാറ്റണമെന്നും സമസ്തയുടെ നിയന്ത്രണത്തിൽ നിന്നും പുറത്തുകൊണ്ടുവരണമെന്നും ലീഗിലെയും,​ മുസ്‌ലിം ലീഗിന് കീഴ്പ്പെട്ട് മുന്നോട്ടുപോവേണ്ടെന്ന് സമസ്തയിലെയും ഒരുവിഭാഗവും നിലപാടെടുത്തു. പല വിഷയങ്ങളിലും ഈ അകൽച്ച പ്രകടവുമാണ്. സമസ്തയുടെയും ലീഗിന്റെയും മുതിർന്ന നേതാക്കൾ പരസ്പര സഹകരണത്തിനും ഒന്നിച്ചുപോവലിനും പ്രാധാന്യം നല്കുമ്പോൾ ഇരുസംഘടനകളിലെയും പുതുതലമുറയ്ക്ക് ഭിന്നമായ അഭിപ്രായമാണ്.

വഖഫിലെ ഭിന്നസ്വരം

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മുസ്‌ലീം ലീഗിന്റെ നേതൃത്വത്തിൽ കോഴിക്കോട്ട് മുസ്‌ലിം സംഘടനകളുടെ യോഗം ചേർന്നിരുന്നു. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച പള്ളികളിൽ സർക്കാർ നടപടിക്കെതിരെ സന്ദേശമേകാൻ തീരുമാനിച്ചതായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പരസ്യ പ്രഖ്യാപനവും നടത്തി. എന്നാൽ ഇതിനു തൊട്ടുപിന്നാലെ പള്ളികളിലെ പ്രതിഷേധത്തിൽ നിന്നും ലീഗിന്റെ വോട്ടുബാങ്കായ സമസ്ത പിന്മാറി. വഖഫ് നിയമനത്തിൽ പള്ളിയിൽ നിന്ന് പ്രതിഷേധിക്കാൻ സാധിക്കില്ലെന്നും പള്ളിയിലെ പ്രതിഷേധം അപകടം ചെയ്യുമെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിലപാടെടുത്തു. പള്ളി ആദരിക്കപ്പെടേണ്ട ഇടമാണ്. പള്ളിയുടെ പവിത്രതയ്ക്ക് യോജിക്കാത്ത കാര്യങ്ങൾ ചെയ്യാൻ പാടില്ല. പ്രകോപനപരമായ കാര്യങ്ങൾ പള്ളിയിൽ നിന്നുണ്ടാവരുത്. പലരും കുഴപ്പമുണ്ടാക്കാൻ സാദ്ധ്യതയുണ്ടെന്നും അതിന്റെ ഉത്തരവാദിത്തം സമസ്തക്കാവുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. വഖഫ് പവിത്രമായ മുതലാണ്. ആശങ്കകൾ സർക്കാരിന് മുന്നിൽ അവതരിപ്പിക്കും. പരിഹാരമായില്ലെങ്കിൽ മാത്രം പ്രതിഷേധം മതിയെന്നാണ് തീരുമാനമെന്ന് സമസ്ത പ്രസിഡന്റ് പറഞ്ഞുവച്ചു. വഖഫ് വിഷയത്തിൽ മുഖ്യമന്ത്രി തന്നോട് സംസാരിച്ചു. ചർച്ച ചെയ്യാമെന്ന് ഉറപ്പു നല്കിയെന്നും ഇതിനുശേഷം പ്രതിഷേധം മതിയെന്ന നിലപാട് കൂടി ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രഖ്യാപിച്ചതോടെ മുസ്‌ലിം സംഘടനകളെ മുൻനിറുത്തിയുള്ള ലീഗിന്റെ നീക്കം തുടക്കത്തിലേ പൊളിഞ്ഞു. പള്ളികളിൽ പ്രതിഷേധമെന്ന മുൻതീരുമാനത്തിൽ മുജാഹിദ് വിഭാഗം ലീഗിനൊപ്പം നില്‌ക്കുകയും കഴിഞ്ഞ ദിവസം പള്ളികളിൽ പ്രതിഷേധിക്കുകയും ചെയ്തു. എന്നാൽ പ്രബല സംഘടനയും വോട്ട് ബാങ്കുമായ സമസ്ത പിന്മാറിയത് ലീഗിന് ചെറിയ ക്ഷീണമല്ല വരുത്തിയത്.

പ്രതിഷേധം ആർക്കുനേരെ ?

സമസ്ത പിൻവാങ്ങിയെങ്കിലും വഖഫ് നിയമനത്തിൽ പ്രതിഷേധവുമായി മുന്നോട്ടുപോവാൻ കഴിഞ്ഞ ദിവസം മലപ്പുറത്ത് ചേർന്ന മുസ്‌ലീം ലീഗ് അടിയന്തര പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. സംസ്ഥാന സർക്കാരിന്റെ നിലപാട് കേരളത്തിൽ മാത്രമല്ല രാജ്യത്താകെ പ്രത്യാഘാതമുണ്ടാകുമെന്നും നിലപാടിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ മാസം ഒമ്പതിന് കോഴിക്കോട് വഖഫ് സംരക്ഷണ സമ്മേളനം നടത്താനാണ് ലീഗ് തീരുമാനം. വഖഫ് വിഷയത്തിൽ പ്രതിഷേധം കടുപ്പിക്കാനുള്ള ലീഗിന്റെ തീരുമാനം ഫലത്തിൽ സമസ്തയോടുള്ള പ്രതിഷേധം കൂടി വെളിവാക്കുന്നതാണ്. സമസ്തയുടെ നിലപാട് മാറ്റത്തിന് പിന്നാലെയാണ് ലീഗ് അടിയന്തര യോഗം വിളിച്ചത്. സമസ്തയുടെ പിൻമാറ്റം ഇടതുകേന്ദ്രങ്ങൾ വലിയ ച‌ർച്ചയാക്കിയതോടെ ലീഗ് പ്രതിസന്ധിയിലാണ്. സമസ്തയ്ക്ക് കീഴടങ്ങി പ്രതിഷേധം അവസാനിപ്പിക്കുന്നത് പുതിയ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന വിലയിരുത്തലും ലീഗിനുണ്ട്. നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന ലീഗിന്റെ പ്രഖ്യാപനം ഫലത്തിൽ സമസ്തയ്ക്കുള്ള മറുപടി കൂടിയായി.