vaqafh-bord

മലപ്പുറം: വഖഫ്‌ ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സർക്കാർ തീരുമാനം റദ്ദാക്കുംവരെ പ്രക്ഷോഭം ശക്തമാക്കാൻ ഇന്നലെ മലപ്പുറത്ത് ചേർന്ന മുസ്ളിം ലീഗ് അടിയന്തര നേതൃയോഗം തീരുമാനിച്ചു. ഈ മാസം ഒമ്പതിന് കോഴിക്കോട്ട് വഖഫ് സംരക്ഷണസമ്മേളനം സംഘടിപ്പിക്കും. തുടർ പ്രക്ഷോഭങ്ങൾ പിന്നീട് തീരുമാനിക്കും. നിലപാടിൽ വിട്ടുവീഴ്ച വേണ്ടെന്നും സർക്കാർ തീരുമാനം രാജ്യവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും യോഗം വിലയിരുത്തി.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇത് മാതൃകയാക്കിയാൽ വലിയ ദോഷം ചെയ്യുമെന്നും ഇതിന്റെ അപകടം കൃത്യമായി മനസിലാക്കിയാണ് ലീഗ് സമരമുഖത്ത് ഉറച്ചുനിൽക്കുന്നതെന്നും ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും ഉന്നതാധികാര സമിതിയംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും യോഗശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. വഖഫ് ബോർഡിനെ അപ്രസക്തമാക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാരിന്റേത്. വഖഫ് ബോർഡിലെ സർക്കാർ ഇടപെടലിന്റെ ആവശ്യകത മുസ്‌ലീങ്ങൾക്ക് മാത്രമല്ല,​ പൊതുസമൂഹത്തിനും ബോദ്ധ്യപ്പെട്ടിട്ടില്ല. ന്യായമായ അവകാശങ്ങളെപോലും വർഗീയത ആരോപിച്ച്​ നിഷേധിക്കുന്നത് ശരിയല്ല. പള്ളികളിൽ ഉദ്‌ബോധനം നടത്താൻ മതസംഘടനകളാണ് തീരുമാനിച്ചത്. മുസ്‌ലിം കോ- ഓർഡിനേഷൻ കമ്മിറ്റിയിൽ യാതൊരു ആശയക്കുഴപ്പവുമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.