malappuram
ഉന്നതവിദ്യാഭ്യാസ,​ സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ.ബിന്ദു പുരസ്കാരം സമ്മാനിക്കുന്നു.

മലപ്പുറം: കാഴ്ചാപരിമിതിയെ സാങ്കേതിക വിദ്യ കൊണ്ട് മറികടന്ന് നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് അക്ഷര വെളിച്ചമേകിയ വേങ്ങര ഹൈസ്കൂളിലെ എൽ.പി അദ്ധ്യാപകനും കൊല്ലം സ്വദേശിയുമായ എം.സുധീർ സംസ്ഥാന പുരസ്കാര നിറവിൽ. ഈവർഷത്തെ മികച്ച ഭിന്നശേഷി ജീവനക്കാരനുള്ള സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ പുരസ്കാരം സുധീറിനെ തേടിയെത്തി. രണ്ട് പതിറ്റാണ്ടായി സാമൂഹ്യ രംഗത്ത് നിറസാന്നിദ്ധ്യമായ സുധീർ കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈന്റിന്റെ അദ്ധ്യാപക ഫോറം സംസ്ഥാന പ്രസിഡന്റ് കൂടിയാണ്. ബ്രെയിൽ പുസ്തകങ്ങൾക്ക് പുറമെ സ്മാർട്ട് ഫോണും,​ കമ്പ്യൂട്ടറും ഓഡിയോ ലൈബ്രറിയുമെല്ലാം ഇദ്ദേഹത്തിന്റെ പഠനരീതികളെ ഹൈടെക്കാക്കുന്നു. സാങ്കേതിക വിദ്യകളുടെ സാദ്ധ്യതകൾ മറ്റ് കാഴ്ചാപരിമിതർ‌ക്ക് പകരുന്നതിലും മുന്നിലുണ്ട് സുധീർ. സാധാരണക്കാർ ചെയ്യുന്നതെല്ലാം അതിലും വേഗത്തിൽ ചെയ്യാൻ സുധീറിനാവും.

തിരുവനന്തപുരം വർക്കല അന്ധ വിദ്യാലയത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കൊല്ലം ക്രേവൺ എൽ.എം.എച്ച്.എസ്.എസിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസവും, കേരള യൂണിവേഴ്‌സിറ്റി കോളേജിൽ ബിരുദവും കൊല്ലം ടി.ടി.ഐയിൽ നിന്നും ടി.ടി.സിയും കരസ്ഥമാക്കി. 2009 മുതൽ 2012 വരെ മലപ്പുറം മുട്ടിപ്പടി സ്വലാത്ത് നഗർ മാനേജ്‌മെന്റ് സ്‌കൂളിലും 2013 മുതൽ കോട്ടയം ജില്ലയിലെ കുമരകം യു.പി.സ്‌കൂളിലും, മഞ്ചേരി വീമ്പൂർ യു.പി സ്‌കൂളിലും ജോലി ചെയ്തിരുന്നു. ഭാര്യയും മാതാവും രണ്ട് സഹോദരിമാരും ജന്മനാ കാഴ്ച്ച പരിമിതരാണ്. ഭാര്യ ശറഫുന്നീസ മലപ്പുറം ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിൽ മലയാളം അദ്ധ്യാപികയാണ്. പുരസ്കാര നേട്ടത്തിൽ വേങ്ങര ബി.ആർ.സിയും സുധീറിനെ ആദരിച്ചു.