മലപ്പുറം: കൗശലവും കൂർമ്മബുദ്ധിയും നിറഞ്ഞ രാഷ്ട്രീയ സമീപനം ആര്യാടൻ മുഹമ്മദിനെ വേറിട്ടുനിറുത്തുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. രാജീവ് ഗാന്ധി സെന്റർ ഏർപ്പെടുത്തിയ പുരസ്കാരം ആര്യാടൻ മുഹമ്മദിന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം. എപ്പോൾ, എവിടെ, എന്ത് പറയണമെന്നതിൽ അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ട്. നിയമസഭയിലേക്ക് ആദ്യമായി കടന്നുവരുന്ന കാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധിച്ചിരുന്നത് ആര്യാടൻ മുഹമ്മദിനെയായിരുന്നു. ചർച്ച ചെയ്യുന്ന എല്ലാ അജൻഡകളെയും കുറിച്ച് പഠിക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. ആര്യാടൻ മന്ത്രിയായിരുന്ന സമയത്ത് എല്ലാ ബജറ്റുകളും ഓപ്പൺ ചെയ്യാനുള്ള ഉത്തരവാദിത്തം തന്നെ ഏൽപ്പിച്ചിരുന്നു. പിന്നീട് അദ്ദേഹം മന്ത്രിയല്ലാതിരുന്നപ്പോഴും ആ ഉത്തരവാദിത്തം എന്റേതായി. ഭരണഘടനയുടെ ഫ്രെയിമിൽ നിന്നാണ് ആര്യാടൻ സംസാരിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. തന്റെ കഴിവ് കൊണ്ടല്ല പാർട്ടിയുടെ കഴിവ് കൊണ്ടാണ് 34 വർഷം എം.എൽ.എയും നാല് തവണ മന്ത്രിയും ആയതെന്ന് ആര്യാടൻ മുഹമ്മദ് പറഞ്ഞു. വിചാരിച്ചതിനേക്കാൾ സ്ഥാനമാനങ്ങൾ ലഭിച്ചിട്ടുണ്ട്. നിയമസഭയിലെ ഏറ്റവും കഴിവുറ്റ വ്യക്തിയാണ് വി.ഡി സതീശൻ. കഠിനാധ്വാനം കൊണ്ടാണ് സതീശൻ പ്രതിപക്ഷ നേതാവായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.പി.അനിൽകുമാർ എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. ഡി.സി.സി അദ്ധ്യക്ഷൻ വി.എസ് ജോയ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല, ഇ.മുഹമ്മദ് കുഞ്ഞി,വി.എ കരീം, പി.ടി അജയ്മോഹൻ,കെ.പി നൗഷാദലി, വി.ബാബുരാജ്, സമദ് മങ്കട,കെ.എം ഗിരിജ,പ്രൊഫ.കെ.അബൂബക്കർ പങ്കെടുത്തു.