
മലപ്പുറം : വഖഫ് ബോർഡ് നിയമന വിഷയത്തിൽ സർക്കാരിനോട് ചോദിച്ചപ്പോൾ കൃത്യമായി മറുപടി ലഭിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടുന്ന സർക്കാർ നയത്തിനെതിരെ കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ പ്രായോഗികമായ ബുദ്ധിമുട്ടുകളെ കുറിച്ച് നിയമസഭയിൽ പ്രതിപക്ഷം വ്യക്തമായി പറഞ്ഞിട്ടുണ്ട്. പാർട്ടി എടുത്ത തീരുമാനം നടപ്പിലാക്കുന്നു എന്ന മട്ടിലാണ് സർക്കാർ മറുപടി പറഞ്ഞത്. ദേവസ്വം ബോർഡിലെ പോലെ റിക്രൂട്ട്മെന്റ് ബോർഡ് ഉണ്ടാകുന്നതാണ് വഖഫ് ബോർഡിനും നല്ലത്. അനാവശ്യ കാര്യങ്ങൾ വലിച്ച് കൊണ്ടുവന്ന് വിവാദമുണ്ടാക്കുകയാണ് സർക്കാർ ചെയ്യുന്നത്. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടരുത് എന്ന് പറയുന്നതിൽ എന്ത് വർഗീയതയാണുള്ളത്. ബില്ല് കൊണ്ട് വരുന്നതിന് മുമ്പ് തന്നെ മുസ്ലിം സംഘടനകളുമായി സർക്കാർ ചർച്ചകൾ നടത്തണമായിരുന്നു. ചർച്ചയുടെ അഭാവമാണ് ഇപ്പോൾ ഇത്രയും വിവാദങ്ങൾക്ക് കാരണമായത്. ഇപ്പോൾ ചർച്ച നടത്താമെന്ന് പറഞ്ഞത് നല്ല കാര്യവുമാണ്. സർക്കാർ തന്നെ പ്രശ്നം പരിഹരിക്കണം. പരിഹരിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ മുഹമ്മദ് ഡാനിഷ് അദ്ധ്യക്ഷത വഹിച്ചു. അനിൽ കുമാർ എം.എൽ.എ, കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈൻ മടവൂർ, കെ.പി നൗഷാദലി, ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ്, കെ.എം.ജെ.സി ചെയർമാൻ ഡോക്ടർ ഖാസിമുൾ ഖാസിമി,കെ.ടി അഷ്റഫ്,സലീം മമ്പാട്,ഹാഷിം ഹദ്ദാദ് തങ്ങൾ,കൊച്ചു മുഹമ്മദ് സംസാരിച്ചു.