
മലപ്പുറം: ആശ്വാസത്തിന്റെ ശ്വാസമെടുക്കുകയാണ് ജില്ലയിപ്പോൾ. കൊവിഡ് തരംഗങ്ങൾ ജില്ലയെ അടിമുടി വിറപ്പിച്ച നാളുകളിൽ ശ്വാസമെടുക്കാൻ പോലും സംവിധാനങ്ങളില്ലാതെ ജില്ല ഞെരിപിരി കൊണ്ടിരുന്നു. ഡെൽറ്റയും പിന്നിട്ട് ഒമിക്രോണിൽ എത്തിനിൽക്കുമ്പോൾ ജില്ലയുടെ ആരോഗ്യരംഗം കൂടുതൽ ആത്മവിശ്വാസത്തിലാണ്. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിലും ഗുരുതര രോഗികളുടെ എണ്ണത്തിലും മുന്നിലായിരുന്ന മലപ്പുറം ഇപ്പോൾ സ്ഥിതി ഏറെ മെച്ചപ്പെടുത്തി. നിലവിൽ ഗുരുതര രോഗികളുടെ എണ്ണത്തിൽ ഏഴാം സ്ഥാനത്താണ്. ഗുരുതര ലക്ഷണങ്ങളോടെ 81ഉം  അതീവഗുരുതര വിഭാഗത്തിൽ 31 പേരുമാണ് ചികിത്സയിലുള്ളത്. പത്തനംതിട്ട, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം, കോട്ടയം, വയനാട് ജില്ലകളിലാണ് മലപ്പുറത്തേക്കാൾ രോഗികളുള്ളത്. പത്തനംതിട്ടയിൽ ഗുരുതര രോഗികൾ 567 പേരുണ്ട്. അതീവഗുരുതരമായി 251 പേരും. തൃശൂരിൽ ഗുരുതര ലക്ഷണങ്ങളോടെ 303 പേരുണ്ട്. കൊല്ലത്ത് ഗുരുതരാവസ്ഥയിൽ 210ഉം അതീവ ഗുരുതരാവസ്ഥയിൽ 40 പേരും ചികിത്സയിലുണ്ട്. ആരോഗ്യപ്രവർത്തകരുടെ അക്ഷീണ പ്രവർത്തനവും മികച്ച ചികിത്സയും വാക്സിനേഷനും ബോധവത്കരണവും മലപ്പുറത്തെ സാഹചര്യങ്ങളെ മെച്ചപ്പെടുത്തി. അതേസമയം രണ്ടാംഡോസെടുക്കുന്നതിൽ പുലർത്തുന്ന നിസ്സംഗത ജില്ല നേടിയ പുരോഗതിയെ ഇല്ലാതാക്കുമെന്ന ആശങ്ക ശക്തമാണ്.
ഒഴിഞ്ഞ് വെന്റിലേറ്ററും ഐ.സി.യുവും
കൊവിഡ് രോഗവ്യാപനവും ഗുരുതര രോഗികളുടെ എണ്ണവും വലിയതോതിൽ കുറഞ്ഞതോടെ വെന്റിലേറ്റർ, ഐ.സി.യുകളുടെ ആവശ്യകത വലിയതോതിൽ കുറഞ്ഞിട്ടുണ്ട്. സർക്കാർ, സ്വകാര്യമേഖലകളിലെ 80 കൊവിഡ് ആശുപത്രികളിലെ 178 ഐ.സി.യുകളിൽ 126ഉം 113 വെന്റിലേറ്ററുകളിൽ 88 എണ്ണത്തിലും ഒഴിവുണ്ട്. 70 ശതമാനത്തിന് മുകളിലാണിത്. ജില്ലയിലെ ആറ് സർക്കാർ കൊവിഡ് ആശുപത്രികളിലെ 55 വെന്റിലേറ്ററുകളിൽ 41ലും ഒഴിവുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജിലെ 45 വെന്റിലേറ്ററുകളിൽ 38 എണ്ണത്തിലാണ് ഒഴിവ്. ഒമിക്രോൺ ഭീഷണിക്കിടയിലും ജില്ലയിലെ ആരോഗ്യരംഗത്തെ ഈ സൗകര്യങ്ങളാണ് ആരോഗ്യപ്രവർത്തകർക്ക് ആത്മവിശ്വാസമേകുന്നത്. വെന്റിലേറ്റർ സൗകര്യമില്ലാത്തതിനാൽ കൊവിഡ് രോഗി മരിച്ച സംഭവമടക്കം ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നു. കൊവിഡിന്റെ തുടക്കത്തിൽ വെന്റിലേറ്റർ, ഐ.സി.യു സൗകര്യങ്ങളിൽ ജില്ല ഏറെ പിന്നിലായിരുന്നു. ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപനങ്ങളും സ്വകാര്യവ്യക്തികളും കൈകോർത്തതോടെ പടിപടിയായി സൗകര്യങ്ങൾ ഉയർത്താനായി.
ആശുപത്രി: വെന്റിലേറ്റർ ഐ.സി.യു
(ഒഴിവ് - ആകെ) : (ഒഴിവ് - ആകെ)
മഞ്ചേരി മെഡിക്കൽ കോളേജ്: 38 - 45 : 32 - 70
നിലമ്പൂർ ജില്ലാശുപത്രി: 2 - 2 : 0 - 0
തിരൂർ ജില്ലാ ആശുപത്രി: 5 - 5 : 6 - 6
തിരൂരങ്ങാടി താലൂക്കാശുപത്രി: 6 - 6 : 3 - 4
വാക്സിനേഷൻ മികച്ച രീതിയിൽ നടപ്പിലാക്കി. രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് അസുഖം വന്നാലും ഗുരുതരമാകുന്നില്ല. കൊവിഡിനെതിരെ മികച്ച അവബോധം ജനങ്ങൾക്കിടയിൽ ഉണ്ടായിട്ടുണ്ട്. ഒന്നാംഡോസെടുത്ത് സമയമായവർ രണ്ടാം ഡോസ് എത്രയും വേഗത്തിലെടുക്കണം.
ഡോ.ആർ. രേണുക, ഡി.എം.ഒ