kkkkkkkkk

മലപ്പുറം: ഒമിക്രോണിന് പിന്നാലെ വാക്‌സിനെടുക്കുന്നവരുടെ എണ്ണം കുത്തനെ ഉയർന്നെങ്കിലും ജില്ലയ്ക്ക് ആവശ്യത്തിന് വാക്സിൻ ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. നിലവിൽ വാക്‌സിൻ കൈവശമുള്ള ചില പി.എച്ച്.സികൾ ഇവ സമയബന്ധിതമായി ഉപയോഗിക്കാത്തതിനാൽ ജില്ലയിൽ ആവശ്യത്തിന് വാക്‌സിനുണ്ടെന്ന കണക്കാണ് വാക്‌സിനേഷൻ സംബന്ധിച്ച സർക്കാരിന്റെ വെബ്പോർട്ടലിൽ കാണിക്കുന്നത്. രണ്ട് ലക്ഷം ഡോസ് വാക്സിൻ വേണമെന്ന് ജില്ലാ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടപ്പോൾ കഴിഞ്ഞ ദിവസം ലഭിച്ചത് 70,​000 ഡോസാണ്. 63,​000 ഡോസ് വാക്‌സിൻ ഉപയോഗിക്കാതെ കിടന്നതാണ് ജില്ലയ്ക്ക് തിരിച്ചടിയായത്.

തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് വാക്സിനേഷൻ ക്യാമ്പുകളടക്കം നടത്തി പല പി.എച്ച്.സികളും ലഭിച്ച വാക്സിനുകൾ വേഗത്തിൽ തീർക്കുന്നുണ്ട്. എന്നാൽ ചിലയിടങ്ങളിലെ അലംഭാവം ജില്ലയ്ക്ക് മതിയായ വാക്സിൻ ലഭിക്കുന്നതിന് തടസ്സമാവുകയാണ്. വാക്സിൻ ആവശ്യമുള്ള മറ്റിടങ്ങളിലേക്ക് നൽകാനും ഇവർ തയ്യാറായിട്ടില്ല. ലഭിച്ച വാക്‌സിനുകൾ വേഗത്തിൽ തീർക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർ അതത് പി.എച്ച്.സികൾക്ക് കർശന നിർദ്ദേശമേകിയിട്ടുണ്ട്.

വഴിയൊരുക്കി ഒമിക്രോൺ

രണ്ടാംഡോസെടുക്കാൻ സമയമായിട്ടും മടിച്ചുനിന്നവരടക്കം ഒമിക്രോണിന്റെ വരവോടെ വാക്‌സിനേഷൻ കേന്ദ്രങ്ങളിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം 21,​738 പേർക്ക് വാക്സിൻ നൽകിയപ്പോൾ 19,​031 പേരും രണ്ടാം ഡോസെടുക്കാൻ എത്തിയവരാണ്. 2,​807 പേർ ഒന്നാം ഡോസെടുത്തു. ഇതുവരെ ഒരുഡോസ് പോലും എടുക്കാത്തവരും കൂടുതലായി വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. രണ്ടാം ഡോസിൽ ജില്ല പിന്നിലായതോടെ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ആരോഗ്യ വകുപ്പ് ബോധവത്കരണം ശക്തമാക്കിയിട്ടുണ്ട്. ഒമിക്രോൺ പടരാനുള്ള സാദ്ധ്യതകൾ കണക്കിലെടുത്ത് അതിവേഗംവാക്‌സിനേഷൻ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

അലർജ്ജിയുള്ളവരുടെ ശ്രദ്ധയ്ക്ക്

കുറ്റിപ്പുറത്ത് വാക്സിനേഷന് പിന്നാലെ അലർജ്ജി ബാധിച്ച് യുവതി മരിച്ച സംഭവത്തിന് പിന്നാലെ അലർജ്ജിയുള്ളവരുടെ കാര്യത്തിൽ കൂടുതൽ ആരോഗ്യ വിവരങ്ങൾ തേടണമെന്ന് ഡോക്ടർമാർക്ക് നിർദ്ദേശമേകിയിട്ടുണ്ട്. അലർജ്ജി പ്രശ്നങ്ങളുള്ളവർ പ്രധാന ആശുപത്രികളിൽ നിന്ന് വേണം വാക്‌സിനെടുക്കാൻ. കുറ്റിപ്പുറത്തെ യുവതിയുടെ മരണത്തിന് പിന്നാലെ പലയിടങ്ങളിലും വാക്സിനേഷന്റെ വേഗം കുറഞ്ഞിരുന്നെങ്കിലും ബോധവത്ക്കരണത്തിലൂടെ ഇത് മറികടക്കാനായി.

ഒമിക്രോൺ ഭീതി വാക്‌സിൻ എടുക്കുന്നവരുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ആദ്യ ഡോസ് പോലും എടുക്കാത്ത 85,000ത്തോളം പേർ ജില്ലയിലുണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഫസ്റ്റ് ഡോസെടുക്കാൻ എത്തുന്നവരുടെ എണ്ണം വലിയ തോതിൽ ഉയർന്നിട്ടുണ്ട്. പരമാവധി പേർക്ക് എത്രയും വേഗത്തിൽ വാക്‌സിൻ കൊടുക്കാനുള്ള ശ്രമത്തിലാണ്.

ഡോ.ആർ.രേണുക,​ ജില്ലാ മെഡിക്കൽ ഓഫീസർ