malappuram

പെരിന്തൽമണ്ണ: മങ്കട ചേരിയം മലയിലെ കള്ളിക്കൽ ആദിവാസി കോളനിയിലെ 26 പേർക്ക് ജാതി രേഖകളില്ല. ഇക്കാരണത്താൽ ഇവർക്ക് ലഭിക്കേണ്ടതായ ആനുകൂല്യങ്ങൾ പൂർണ്ണമായും മുടങ്ങുന്നതായി പരാതി.

കാട്ടുനായ്ക്കർ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനായുള്ള സർക്കാർ കണക്കെടുപ്പിൽ ഇവരുടെ പേരില്ലാത്തതാണ് കാരണം. ഇതിനാൽ ഇവർക്ക് ജാതി തെളിയിക്കുന്നതിനുള്ള രേഖയുമില്ല. ആദിവാസി-ദളിത് സമൂഹങ്ങളുടെ സാമൂഹിക, സാമ്പത്തിക പുരോഗതിക്കായി സ്ഥാപിച്ച കിർത്താഡ്സിനെ 1996ലെ ആക്ട് 11 പ്രകാരം നരവംശ ശാസ്ത്ര വിഭാഗത്തിലെ ജാതി നിർണ്ണയത്തിനുള്ള വിദഗ്ധ ഏജൻസിയായി അംഗീകരിച്ചതാണ്. 2003 വരെ ആളർ വിഭാഗത്തിൽ അറിയപെട്ടിരുന്ന ആദിവാസി വിഭാഗത്തെ കിർത്താഡ്‌സ് കാട്ടുനായ്ക്കർ വിഭാഗത്തിൽ ഉൾപെടുത്തി ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഈ ലിസ്റ്റിൽ പെടാത്തവരാണ് ദുരിതത്തിലായിരിക്കുന്നത്. ഇവരുടെ മക്കൾക്ക് ഉപരിപഠനത്തിന് പ്രവേശനം നേടാൻ ജാതി സര്‍ട്ടിഫികറ്റ് ലഭ്യമാകുന്നില്ല. ഇക്കഴിഞ്ഞ പ്ലസ് വൺ പ്രവേശന സമയത്ത് ജാതി സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ അപേക്ഷ നൽകാന്‍ സാധിക്കാതെയായതായി തുടർന്ന് ബന്ധപ്പെട്ട വകുപ്പിൽ അപേക്ഷ നൽകുകയും വിദ്യാർത്ഥികൾക്ക് പ്രവേശനം താൽക്കാലികമായി സാധ്യമായി. എന്നാൽ 12 പേർക്ക് രേഖകൾക്കായി രണ്ട് മാസം മുമ്പ് ഓൺലൈനിൽ അപേക്ഷ നൽകിയെങ്കിലും ഇതിനിടെ ഒരാൾക്ക് മാത്രമാണ് സർട്ടിഫിക്കറ്റ് കിട്ടിയത്. കിർത്താഡ്സ് രേഖകളിൽ ഉൾപ്പെടുത്താനായി

ആദിവാസി ക്ഷേമ പ്രവർത്തകനായ ബാബു മാമ്പള്ളി മുമ്പ് അപേക്ഷ നൽകിയെങ്കിലും ഇപ്പോഴും ഇവർ പുറത്തുതന്നെയാണ്. ഇനിയും ദുരിതത്തിലാക്കാതെ ബന്ധപെട്ട അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടാവണമെന്നാണ് ഇവരുടെ ആവശ്യം.