
നിലമ്പൂർ: കഴിഞ്ഞ മാസം വയനാട്ടിൽ വച്ച് അറസ്റ്റിലായ മാവോവാദിയുമായി തെളിവെടുപ്പ് നടപടികൾ തുടർന്ന് പൊലീസ്. പൂക്കോട്ടുംപാടം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കേസുകളിൽ നിലമ്പൂർ ഡി.വൈ.എസ്.പി സാജു.കെ.എബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നു വരുന്നത്. കർണ്ണാടക ചിക്കമംഗ്ലൂർ മുടിക്കേരി താലൂക്ക് കലുവാടിയിലെ സാവിത്രിയാണ് കഴിഞ്ഞ മാസം വയനാട് വച്ച് പിടിയിലായിരുന്നത്. ഇവർക്ക് പൂക്കോട്ടുംപാടം സ്റ്റേഷൻ പരിധിയിൽ മൂന്ന് കേസുകളുണ്ട്. ടി.കെ.കോളനിയിലെ രണ്ട് ഔട്ട് പോസ്റ്റുകളിൽ തീവെച്ച സംഭവത്തിലും ജിവനക്കാരെ ഭീഷണിപ്പെടുത്തിയതിലും പാട്ടക്കരിമ്പ് കോളനിയിലെത്തി ക്ലാസെടുത്ത സംഭവത്തിലുമാണ് നിലമ്പൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടപടികൾ തുടരുന്നത്. തെളിവെടുപ്പിനും അന്വേഷണത്തിനുമായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് സാവിത്രിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ടി.കെ.കോളനിയിലെത്തി തെളിവെടുപ്പുകൾ പൊലീസ് പൂർത്തിയാക്കി. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.പാട്ടക്കരിമ്പിലെ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്ന് ഡി.വൈ.എസ്.പി സാജു.കെ.എബ്രഹാം പറഞ്ഞു.