മലപ്പുറം: അപകടത്തിൽ മരിച്ച യുവാവിന്റെ ബൈക്ക് പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്നത് റിപ്പയർ ചെയ്ത് ഉപയോഗിച്ച എസ്.ഐമാരെ സസ്പെന്റ് ചെയ്തു. കാടാമ്പുഴ പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ സന്തോഷ്, പോളി എന്നിവരെയാണ് തൃശൂർ റേഞ്ച് ഡി.ഐ.ജി അക്ബർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

ആഗസ്റ്റ് 26നാണ് കർണാടക ചിക്‌മഗളൂർ ജക്‌ലി സ്വദേശി വിൻസെന്റ് കാടാമ്പുഴക്കടുത്ത് വെട്ടിച്ചിറയിൽ അപകടത്തിൽ മരിച്ചത്. പിറകിൽ നിന്നെത്തിയ ലോറി ബൈക്കിലിടിക്കുകയും നിറുത്താതെ പോവുകയുമായിരുന്നു. ചില പൊലീസുകാർ തന്നെയാണ് വിവരം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചത്. വകുപ്പുതല പരിശോധനയ്ക്ക് പിന്നാലെയാണ് സസ്‌പെൻഷൻ.