malappuram
മജീദ്

മലപ്പുറം: മലപ്പുറം - പരപ്പനങ്ങാടി പാതയിൽ ഹാജിയാർപളളിക്ക് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മമ്പാട് ടാണയിലെ കരിക്കാടൻ പൊയിൽ അബൂബക്കറിന്റെ മകൻ മജീദാണ് (45) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് റഊഫിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയായിരുന്നു അപകടം. മലപ്പുറത്ത് നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുകയായിരുന്ന ലീഡർ സ്വകാര്യ ബസും എതിർദിശയിൽ നിന്ന് വന്ന കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിനകത്ത് കുടുങ്ങിയ ഇരുവരെയും നാട്ടുകാരാണ് പുറത്തെടുത്ത് മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മജീദിനെ രക്ഷിക്കാനായില്ല. റഊഫിനെ കോട്ടക്കലിലേക്ക് മാറ്റുകയായിരുന്നു. സഫിയയാണ് മരിച്ച മജീദിന്റെ മാതാവ്. ഭാര്യ: സലീന. മക്കൾ: സൽമാനുൽ ഫാരിസ്, ഹാരിസ്, ഫാത്തിമ ഹിബ. സഹോദരങ്ങൾ: മുസ്തഫ, അബ്ദുൽ റസാഖ്, ഹാമിദ്, മിസ്ബാഹുദ്ധീൻ, റംലത്ത്, ഹഫ്സത്ത്. ഖബറടക്കം മമ്പാട് ടാണ ജുമുഅ മസ്ജിദിൽ നടന്നു.