 
പരപ്പനങ്ങാടി: ചമ്രവട്ടം പാതയിലെ പയനിങ്ങൽ ജംഗ്ഷനിലെ അശാസ്ത്രീയമായ സർക്കിൾ സംവിധാനം അപകടം വിളിച്ചുവരുത്തുന്നു. സർക്കിൾ സംബന്ധിച്ച മുന്നറിയിപ്പ് ബോർഡ് ഇല്ലാത്തതിനാൽ പലപ്പോഴും വാഹനത്തിന് തൊട്ടടുത്ത് എത്തുമ്പോഴായിരിക്കും ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുക. ഇതുമൂലം വാഹനങ്ങൾ തോന്നിയ പോലെയാണ് കടന്നുപോവുന്നത്. ചില വാഹനങ്ങൾ സർക്കിൾ ചുറ്റിയും മറ്റുള്ളവ നേരെയും പോവുന്നതും അപകടങ്ങൾക്ക് വഴിവയ്ക്കുന്നു. നേരത്തെ ഈ മേഖലയിൽ നിരവധി അപകടങ്ങളുണ്ടാവുകയും മരണങ്ങൾക്കും വഴിവച്ചിട്ടുണ്ട്. ഏറെ തിരക്കുള്ള ഈ പാതയിലൂടെ കണ്ടൈനർ ലോറികളടക്കം നിരവധി വാഹനങ്ങളാണ് ദിനംപ്രതി കടന്നുപോവുന്നത്. പലപ്പോഴും അപരിചിതരായ ഡ്രൈവർമാരെ സർക്കിൾ വട്ടംചുറ്റിക്കാറുണ്ട്. നേരത്തെ ഇവിടത്തെ റോഡിന് സർക്കിൾ സംവിധാനത്തിനുള്ള വീതിയുണ്ടായിരുന്നില്ല. വർഷങ്ങൾക്ക് മുമ്പ് പരപ്പനങ്ങാടി അടിപ്പാതയുടെയും അടുത്തിടെ നാടുകാണി - പരപ്പനങ്ങാടി പാതയുടെയും നിർമ്മാണം പൂർത്തിയായതോടെ ഇവിടെ റോഡിന് വീതി കൂടിയിട്ടുണ്ട്. നാടുകാണി റോഡ് നിർമ്മാണം പൂർത്തിയാവുന്നതിന് മുമ്പ് സർക്കിൾ മാറ്റിസ്ഥാപിക്കാമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ നാട്ടുകാർക്ക് വാക്ക് നൽകിയെങ്കിലും പാലിച്ചില്ല. സീബ്ര ലൈൻ ഇല്ലാത്തതിനാൽ കാൽനട യാത്രക്കാരും ഏറെ ബുദ്ധിമുട്ടുന്നുണ്ട്. പ്രതിഷേധവുമായി പി.ഡി.എഫ് നിലവിലെ സർക്കിൾ മാറ്റി ശാസ്ത്രീയമായ രീതിയിലൂടെ പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പരപ്പനാട് ഡെവലപ്മെന്റ് ഫോറം (പി.ഡി.എഫ് ) പ്രവർത്തകർ പയനിങ്ങൽ ജംഗ്ഷനിൽ പ്രതീകാത്മക മൃതദേഹവുമായി പ്രതിഷേധിച്ചു. പല തവണ അധികാരികളോട് വിഷയം സംസാരിച്ചിട്ടും യാതൊരു നടപടിയും ഉണ്ടാവാത്തതിനാലാണ് ഇത്തരത്തിൽ പ്രതിഷേധം സംഘടിപ്പിക്കാൻ നിർബന്ധിതരായതെന്ന് പി.ഡി.എഫ് നേതാക്കൾ പറഞ്ഞു. പ്രതിഷേധത്തിന് ഷാജി മുങ്ങാത്തംതറ, മനാഫ് താനൂർ, പി.പി.അബൂബക്കർ ,ഖാജാ മുഹ്യദ്ദീൻ, ഏനു കായൽ മഠത്തിൽ, സി.സി.ഹക്കീം നേതൃത്വം നൽകി .