പെരിന്തൽമണ്ണ: മക്കരപ്പറമ്പ് ആറങ്ങോട്ട് പാലത്തിൽ വച്ച് കുറുവ വറ്റലൂർ ലണ്ടൻപടിയിലെ തുളുവത്ത് ജാഫർ(36) കുത്തേറ്റ് മരിച്ച കേസിലെ കൂട്ടുപ്രതി അറസ്റ്റിൽ. വറ്റല്ലുർ നെച്ചിക്കുത്ത് പറമ്പ് കോഴിപ്പള്ളി വീട്ടിൽ റഷിദ്(36) ആണ് അറസ്റ്റിലായത്. സംഭവത്തിനുശേഷം കോഴിക്കോട്, എറണാകുളം, മൂന്നാർ എന്നിവിടങ്ങളിൽ ഒളിവിലായിരുന്നു ഇയാൾ. വീട്ടിലെത്തിയതായ രഹസ്യവിവരത്തെത്തുടർന്ന് കൊളത്തൂർ പൊലീസ് ഇൻസ്‌പെക്ടർ എ.സജിത്തിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച പുലർച്ചെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കുത്തേറ്റ് മരിച്ച ജാഫറിന്റെ ഭാര്യാ സഹോദരൻ കോഡൂർ തോരപ്പ റഹൂഫ് (41)
പരസ്പരമുള്ള കത്തിക്കുത്തിൽ പരിക്കേറ്റു ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ
ചികിത്സയിൽ തുടരുകയാണ്. ജാഫറും റഹൂഫും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിലെത്തിയത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ റഹൂഫ് ശിക്ഷ കഴിഞ്ഞ് മാസങ്ങൾക്ക് മുമ്പാണ് ജയിലിൽ നിന്നിറങ്ങിയത്. സംഭവ സമയത്ത് റഹൂഫിന് ഒപ്പമുണ്ടായിരുന്നയാളാണ് അറസ്റ്റിലായ റഷിദെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിക്കുന്നതിന് ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. ഇൻസ്‌പെക്ടർ എ.സജിത്ത്, എസ്.ഐ. എൻ.പി.മണി, എ.എസ്.ഐ. ജ്യോതി, സീനിയർ സി.പി.ഒ. സുബ്രഹ്മണ്യൻ, സി.പി.ഒമാരായ അബ്ദുൾ സത്താർ, മുഹമ്മദ് റാഫി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.