marriage

വിവാഹ പ്രായത്തിലുള്ള സ്ത്രീപുരുഷ അന്തരം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ രാജ്യത്ത് ഒരുപാട് കാലമായി നടന്നുകൊണ്ടിരിക്കുന്നുണ്ട്. സ്ത്രീപുരുഷ വിവാഹപ്രായം ഏകീകരിക്കാനുള്ള തീരുമാനമാണ് കഴിഞ്ഞ ദിവസങ്ങളിലായി കേന്ദ്രമന്ത്രി സഭ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ഒടുവിൽ വിവാഹപ്രായം ഏകീകരിച്ച് 21 വയസ് ആക്കാനുള്ള തീരുമാനം എടുത്തിരിക്കുകയാണ്. ഡിസംബർ 23വരെ നടക്കുന്ന പാർലമെന്റിലെ നടപ്പുസമ്മേളനത്തിൽ തന്നെ ഇത് സംബന്ധിച്ച നിയമഭേദഗതി ബില്ല് പാസാക്കാനാണ് മന്ത്രിസഭ തീരുമാനം. 1929ൽ കൊണ്ടുവന്ന ശൈശവ വിവാഹ നിയന്ത്രണ നിയമപ്രകാരം പെൺകുട്ടികൾക്ക് 14ഉം ആൺകുട്ടികൾക്ക് 18 ഉം എന്നിങ്ങനെ ആയിരുന്നു വിവാഹപ്രായം. പിന്നീട് വീണ്ടും നിയമം ഭേദഗതി ചെയ്ത് കൊണ്ടാണ് പെൺകുട്ടികൾക്ക് 18ഉം പുരുഷൻമാർക്ക് 21ഉം ആക്കി മാറ്റിയത്. നീണ്ട ഇടവേളയ്‌ക്ക് ശേഷം വീണ്ടും ഇതുമായി ബന്ധപ്പെട്ട് ഭേദഗതി വരുത്താനുള്ള ചർച്ചകൾ പാർലമെന്റിലേക്ക് എത്തുന്നത് വലിയ പ്രതീക്ഷയോടെയാണ് ജനം ഉറ്റുനോക്കുന്നത്. സ്ത്രീ പുരുഷ സമത്വം,ജനസംഖ്യാ നിയന്ത്രണം,ആരോഗ്യം എന്നിവ പ്രധാനമായും പരിഗണിച്ചാണ് തീരുമാനം എടുത്തിരിക്കുന്നത്.

വിദ്യാഭാസത്തെ കൊല്ലരുത്

നേരത്തെ വിവാഹം കഴിയുന്നത് കാരണം വിദ്യാഭാസം പൂർത്തികരിക്കാൻ സാധിക്കാത്തത് പെൺകുട്ടികൾ അനുഭവിക്കുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്നാണ്. വിവാഹശേഷം പഠനത്തിന് തടസം നില്‌ക്കുന്നത് രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവരാണ്.

പുതിയ കാലത്ത് പെൺകുട്ടികളുടെ വിദ്യാഭാസവും അവരുടെ സാമ്പത്തിക സുരക്ഷിതത്വവുമെല്ലാം ഗൗരവത്തോടെ നോക്കിക്കാണുന്ന വലിയൊരു വിഭാഗം ഉണ്ടെങ്കിലും ഈ വിഷയങ്ങൾക്ക് വേണ്ടത്ര പരിഗണന നല്‌കാത്ത ഒരു സമൂഹം പ്രതീക്ഷകൾക്ക് മങ്ങലേല്പിക്കുന്നു. വിവാഹപ്രായം 18 വയസാക്കിയതോടെ പ്ലസ്ടു വിദ്യാഭാസം മിക്ക പെൺകുട്ടികൾക്കും ഇപ്പോൾ പൂർത്തീകരിക്കാൻ സാധിക്കാറുണ്ട്. എന്നാൽ വിവാഹം മാറ്റിവച്ച് ഉന്നതപഠനത്തിന് തയാറെടുക്കുന്നതിനോട് വിയോജിക്കുന്ന രക്ഷിതാക്കൾ ഏറെയുണ്ട്. എ പ്ളസുകളുടേയും ഉയർന്ന റാങ്കുകളുടേയും കാര്യത്തിൽ കേരളം വളരെ മുൻപിലാണെങ്കിലും സാമ്പത്തിക സ്വയംപര്യാപ്തത എത്തും മുൻപ് പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയയ്‌ക്കുന്ന രീതിയിൽ ചില മാറ്റങ്ങൾ വരേണ്ടതുണ്ട്.

രണ്ടുവർഷം മുമ്പ് വരെ ആർട്സ് വിഷയങ്ങളും സയൻസ് വിഷയങ്ങളും പഠിക്കാനായി കോളേജുകളിലേക്കെത്തുന്ന പെൺകുട്ടികളിൽ നിരവധിപേർ പഠനത്തിനിടയിൽ വിവാഹം കഴിഞ്ഞവരായിരുന്നുവെന്ന് എം.ഇ.എസ് കോളേജിലെ ഒരു അദ്ധ്യാപകൻ പറയുന്നു. അത്തരം സാഹചര്യങ്ങൾക്ക് കുറവ് വന്നിട്ടുണ്ടെങ്കിലും ഇൗ സ്ഥിതിവിശേഷം പൂർണമായും ഇല്ലാതായിട്ടില്ല. ആൺകുട്ടികൾ കൂടുതലും പ്രൊഫഷണൽ കോഴ്സുകളും ജോലിയും തിരഞ്ഞെടുക്കുമ്പോൾ പെൺകുട്ടികൾ കൂടുതലായും തിരഞ്ഞെടുക്കുന്നത് ആർട്സ് വിഷയങ്ങളാണ്. പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭാസത്തിനായുള്ള സാഹചര്യങ്ങളൊരുക്കി കൊടുക്കാൻ വിവാഹപ്രായം അടക്കമുള്ള കാര്യങ്ങളിൽ ആശയപരമായ ചർച്ചകൾക്ക് വഴിയൊരുക്കേണ്ടതുണ്ട്.

കുട്ടികൾ

മാനസികമായി വളരട്ടെ

പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിലൂടെ അവർക്ക് മാനസികമായി കൂടുതൽ വളർച്ച പ്രാപിക്കാൻ സാധിക്കുമെന്നാണ് സൈക്യാട്രിസ്റ്റ് ഡോ.എൽസി ഉമ്മൻ അഭിപ്രായപ്പെട്ടത്. 25 വയസാവുമ്പോൾ മാത്രമാണ് ഒരാൾ പൂർണമായും പക്വതയിലേക്ക് എത്തുന്നത്. 18 വയസ് ചെറിയ പ്രായമാണെന്നത് കൊണ്ട് തന്നെ പ്രത്യാഘാതങ്ങൾ ആലോചിക്കാതെ എടുക്കുന്ന തീരുമാനങ്ങളാണ് ഇൗ പ്രായത്തിൽ ഉണ്ടാവുകയെന്നും ഡോക്ടർ പറയുന്നു. ഇങ്ങനെ എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും പാളിപ്പോകാറുമുണ്ട്. നേരത്തെ വിവാഹം കഴി‌ഞ്ഞവർ പ്രശ്നങ്ങളുമായി ഡോക്ടർമാരെ സമീപിക്കുന്നതും പതിവാണ്. വിവാഹപ്രായം 18 ൽ നിന്ന് മാറ്റുന്നത് തന്നെ പക്വതയുടെ കാര്യത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കും. രക്ഷിതാക്കളെടുക്കുന്ന തീരുമാനത്തിലും വളരെയധികം മാറ്റങ്ങൾ വരേണ്ടതുണ്ട്. നിലവിൽ രക്ഷിതാക്കളുടെ ചിന്താഗതിയിൽ മാറ്റം വന്നുതുടങ്ങിയത് വളരെ നല്ല കാര്യമാണെന്നും ഡോ.എൽസി ഉമ്മൻ പറഞ്ഞു.

ചില വാദങ്ങൾ ഇങ്ങനെ

ജനാധിപത്യ രാജ്യത്ത് ഒാരോ തീരുമാനത്തിലും നിയമത്തിലും അനുകൂലവും പ്രതികൂലവുമായ വാദങ്ങൾ ഉയരുന്നത് സ്വാഭാവികമാണ്. നിയമപ്രകാരം വിവാഹപ്രായം 21 ആക്കുന്നതിൽ വി‌യോജിപ്പ് രേഖപ്പെടുത്തുകയാണ് എം.എസ്.എഫ് വിദ്യാർത്ഥി സംഘടന പ്രതിനിധിയും അഡ്വക്കേറ്റുമായ ഫാത്തിമ തഹ്ലിയ. വിവാഹപ്രായം നിയമം മൂലം 21 ആക്കുന്നത് നിരവധി സാമൂഹിക പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് തഹ്ലിയ പറയുന്നത്. അതേസമയം വിവാഹപ്രായം 18ൽത്തന്നെ നിലനിറുത്തിക്കൊണ്ട് 21ൽ വിവാഹം നടത്താനുള്ള പ്രോത്സാഹനം നൽകുന്നതാണ് ഉത്തമമെന്നും തഹ്ലിയ പറയുന്നു. വിവാഹപ്രായം 21 ആക്കുന്നതിനെ പിന്തുണയ്‌ക്കുന്ന നിലപാടാണ് ഇടത് വിദ്യാർത്ഥി സംഘടനയായ എസ്.എഫ്.എെ മുന്നോട്ട് വയ്‌ക്കുന്നത്. വിഷയത്തിൽ കൂടുതൽ ചർച്ചകൾ വേണമെന്നും ഇതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്ക്കരണം ആദിവാസി വിഭാഗങ്ങളിലും നടത്തണമെന്നുമാണ് എസ്.എഫ്.എെ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനുവിന്റെ നിലപാട്. 18ാം വയസിൽ ഒരു പൗരന് മറ്റെല്ലാ അവകാശങ്ങളും നൽകുമ്പോൾ വിവാഹം അനുവദിച്ചു കൊടുക്കുന്നതിൽ എന്തുപ്രശ്നമാണ് ഉള്ളതെന്നും മതപരമായിട്ട് ഇതിൽ പ്രശ്നങ്ങൾ നിലനില്‌ക്കുന്നില്ലെന്നുമാണ് സുന്നി വിദ്യാർത്ഥി സംഘടനയായ എസ്.എസ്.എഫിന്റെ ജനറൽ സെക്രട്ടറി ജാഫർ പ്രതികരിച്ചത്.

ജനാധിപത്യം പുലരാൻ

ചർച്ചകൾ അനിവാര്യം

ആൺ,പെൺ സമത്വത്തിന്റെ നല്ല പാഠങ്ങൾ പുതിയ തലമുറയ്‌ക്ക് പകർന്ന് നൽകാൻ ഒരു ജനാധിപത്യ സമൂഹത്തിന് തീർച്ചയായും കഴിയണം. ഇത്തരം വിഷയങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾക്ക് കൂടുതൽ ചർച്ചകളും കൂടിയാലോചനകളും അനിവാര്യമാണ്. വിദ്യാർത്ഥി സമൂഹത്തെ ഉൾപെടുത്തി ചർച്ച ചെയ്‌ത് എടുക്കുന്ന തീരുമാനങ്ങളിലൂടെ വിഷയത്തിന് കൂടുതൽ ജനാധിപത്യ സ്വഭാവം കൊണ്ടുവരാൻ സാധിക്കും. വിദ്യാഭാസവും ജോലിയും വിവാഹവുമെല്ലാം ആണിനും പെണ്ണിനും ഒരുപോലെ പ്രധാനപ്പെട്ടതാണ്. ഈ തിരിച്ചറിവിലേക്ക് അതിവേഗം സഞ്ചരിക്കാൻ നമ്മുടെ സമൂഹത്തിന് സാധിക്കട്ടെ.