e-sreedharan

പൊന്നാനി: സജീവ രാഷ്ട്രീയത്തിൽ ഇനി ഉണ്ടാവില്ലെന്നും ബി.ജെ.പിയുടെ പ്രത്യേക ക്ഷണിതാവായി തുടരുമെന്നും ഡി.എം.ആർ.സി മുൻ ഉപദേഷ്ടാവ് ഇ. ശ്രീധരൻ പറഞ്ഞു. പൊന്നാനിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയസ്സ് 90 ആയി. ഈ പ്രായത്തിൽ രാഷ്ട്രീയത്തിലേക്ക് കയറിച്ചെല്ലുന്നത് അപകടകരമായ സ്ഥിതിയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ കുറച്ച് നിരാശയുണ്ടായിരുന്നു. തിരിഞ്ഞുനോക്കുമ്പോൾ ഒരു നിരാശയുമില്ല. അധികാരം കിട്ടാതെ ഒരു എം.എൽ.എയെക്കൊണ്ട് ഒന്നും ചെയ്യാനോ മാറ്റങ്ങളുണ്ടാക്കാനോ ആവില്ല.

സംസ്ഥാന സർക്കാരിന്റെ തിരുവനന്തപുരം-കാസർകോട് സിൽവർ ലൈൻ പദ്ധതിയിൽ തന്റെ അഭിപ്രായം തേടിയിട്ടില്ല. ഒരു തരത്തിലും ഇടപെടുത്തരുതെന്ന് ഉദ്യോഗസ്ഥർക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് അറിഞ്ഞത്. പദ്ധതിയുടെ ആസൂത്രണത്തിൽ ഗുരുതര പിഴവുകളുണ്ട്. അത് അറിവില്ലായ്മ കൊണ്ടാകാം. പുനരാസൂത്രണം വേണം. മികച്ച പദ്ധതിയെങ്കിൽ കൂടെ നിൽക്കുമായിരുന്നു. പദ്ധതി നിശ്ചിത കാലയളവിൽ പൂർത്തീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.