
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ രണ്ടാംദിന മത്സരങ്ങൾ അവസാനിച്ചപ്പോൾ
പെൺകുട്ടികളുടെ വിഭാഗത്തിൽ 12 സ്വർണവും നാല് വെള്ളിയും ഒമ്പത് വെങ്കലവുമായി 86 പോയിന്റ് നേടി ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട എതിരാളികളെ ഏറെ പിന്നിലാക്കി കിരീടത്തിലേക്ക് കുതിക്കുന്നു.
മൂന്ന് സ്വർണവും രണ്ട് വെള്ളിയും നേടി 21 പോയിന്റുള്ള സെന്റ് തോമസ് കോളേജ് തൃശൂർ രണ്ടാം സ്ഥാനത്തും നാല് വെള്ളിയും ഒരു വെങ്കലവും നേടി 16 പോയിന്റോടെ മേഴ്സി കോളേജ് പാലക്കാട് മൂന്നാം സ്ഥാനത്തുമാണ്.
ആൺകുട്ടികളുടെ വിഭാഗത്തിൽ ഏഴ് സ്വർണവും ഏഴ് വെള്ളിയും നാല് വെങ്കലവും നേടി 63 പോയിന്റുമായി ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട ഒന്നാമതും നാല് സ്വർണവും ഒരു വെള്ളിയും അഞ്ച് വെങ്കലവും നേടി 33 പോയിന്റുമായി ശ്രീ കൃഷ്ണ കോളേജ് ഗുരുവായൂർ രണ്ടാംസ്ഥാനത്തും ഒരു സ്വർണവും മൂന്ന് വെള്ളിയും നേടി 14 പോയിന്റുമായി
സെന്റ് തോമസ് കോളേജ് തൃശൂർ മൂന്നാംസ്ഥാനത്തുമാണ്.
ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ രണ്ട് സ്വർണവും ഒരു വെള്ളിയും നേടി 13 പോയിന്റുമായി മലബാർ ക്രിസ്ത്യൻ കോളേജ് ഒന്നാം സ്ഥാനത്തും ഒരു സ്വർണവും രണ്ട് വെള്ളിയും നേടി 11 പോയിന്റുമായി അച്യുതമേനോൻ ഗവ.കോളേജ് തൃശൂർ രണ്ടാം സ്ഥാനത്തുമാണ്.
180 കോളേജുകളിൽ നിന്നായി എണ്ണൂറോളം പുരുഷ താരങ്ങളും നാനൂറോളം വനിതാ താരങ്ങളുമാണ് മീറ്റിൽ പങ്കെടുക്കുന്നത്.
മീറ്റ് ഇന്ന് സമാപിക്കും.