k-surendran

പൊന്നാനി: രാഷ്ട്രീയരംഗത്ത് സജീവമാവില്ലെന്ന ഇ. ശ്രീധരന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പൊന്നാനിയിലെ ശ്രീധരന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. സജീവ രാഷ്ട്രീയത്തിൽ നിന്ന് മാത്രമേ ഇ.ശ്രീധരൻ മാറുന്നുള്ളൂവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേന്ദ്രൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇ. ശ്രീധരൻ നേരത്തെയും സജീവ രാഷ്ട്രീയത്തിലുണ്ടായിരുന്നില്ല. ബി.ജെ.പിയുടെ അഭ്യർത്ഥന മാനിച്ചാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് വന്നത്. തുടർന്നും അദ്ദേഹത്തിന്റെ സേവനം ബി.ജെ.പിക്ക് ലഭിക്കും. അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ചുള്ള തിരുത്തലുകൾ ബി.ജെ.പിയിൽ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി മണ്ഡലം തലങ്ങളിൽ പോരായ്മകൾ തിരുത്തി പാർട്ടി ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. അദ്ദേഹത്തെ അനുനയിപ്പിക്കാൻ കേന്ദ്ര നേതാക്കൾ ഇടപെട്ടിട്ടില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. പാർട്ടിയിൽ തിരുത്തലുകൾ വരുത്തുമെന്ന പ്രതീക്ഷയുണ്ടെന്ന് ഇ. ശ്രീധരനും കൂട്ടിച്ചേർത്തു.