kavalappara

മലപ്പുറം: 'രണ്ടര വർഷമായി ക്യാമ്പിലാണ്. ആദിവാസികൾ ഒഴികെ എല്ലാവർക്കും വീടായി." മനോജിന്റെ വാക്കുകളിൽ അമർഷവും സങ്കടവും. കവളപ്പാറ ദുരന്തത്തിൽ പത്ത് ബന്ധുക്കളെ നഷ്ടപ്പെട്ട വേദനയ്ക്കൊപ്പം അധികൃതരുടെ അവഗണനയും. ഭാര്യയ്ക്കും മകനും ദുരന്തത്തിൽ മരിച്ച ജ്യേഷ്ഠന്മാരുടെ മൂന്ന് മക്കൾക്കുമൊപ്പം വീടെന്ന സ്വപ്നവുമായി പോത്തുകല്ല് ഓഡിറ്റോറിയത്തിലെ ക്യാമ്പിലാണ് മനോജ്.

2019 ആഗസ്റ്റ് എട്ടിന് കവളപ്പാറയിലെ മുത്തപ്പൻകുന്ന് ഇടിഞ്ഞ് 59 ജീവനുകളാണ് പൊലിഞ്ഞത്. 32 ആദിവാസി കുടുംബങ്ങളെ ക്യാമ്പിലാക്കി. ക്യാമ്പിലെ ദുരിതവും കൊവിഡ് പേടിയും മൂലം 16 ആദിവാസി കുടുംബങ്ങൾ ക്യാമ്പ് വിട്ടു. ഹാളിൽ ഒരുമിച്ച് കഴിയുന്നതിനാൽ സ്വകാര്യതയില്ല. 16 കുടുംബങ്ങളിലെ 56 പേർക്ക് ആകെ രണ്ട് ടോയ്‌ലെറ്റ്.

87 ജനറൽ,​ 32 എസ്.ടി,​ 8 എസ്.സി അടക്കം 127 കുടുംബങ്ങളാണ് പുനരധിവാസ പദ്ധതിയിലുൾപ്പെട്ടത്. ജനറൽ,​ എസ്.സി വിഭാഗങ്ങളിലെ എല്ലാവ‌ർക്കും വീടായി. ദുരന്തത്തിന് ഇരകളായ 32 ആദിവാസി കുടുംബങ്ങൾക്കാണ് വീട് കിട്ടാത്തത്.

 മുടക്കിയത് ഈ കളി

ആറ് മാസത്തിനകം വീട് എന്നായിരുന്നു പ്രഖ്യാപനം. സ്ഥലമേറ്റെടുപ്പ് നീണ്ടു. 2020 ഫെബ്രുവരിയിൽ ആനക്കല്ലിൽ ആദിവാസികളടക്കം 67 കുടുംബങ്ങൾക്കായി 9.15 ഏക്കർ ജില്ലാ കളക്ടർ ജാഫർമാലിക് കണ്ടെത്തി. പദ്ധതിക്ക് സ്വകാര്യ കമ്പനികളുടെ സി.എസ്.ആർ ഫണ്ടും ഉറപ്പാക്കി. സെന്റിന് 30,​000 രൂപയ്‌ക്കാണ് ഭൂമി ഏറ്റെടുത്തത്. അതിൽ കുറഞ്ഞ വിലയ്ക്ക് സ്ഥലം കിട്ടുമെന്ന് പറഞ്ഞ് പി.വി. അൻവർ എം.എൽ.എ രംഗത്തെത്തി. ഭൂമി കച്ചവടത്തിനാണ് എം.എൽ.എയുടെ ശ്രമമെന്ന് ആരോപണമുയർന്നു. കളക്ടറും എം.എൽ.എയും സോഷ്യൽമീഡിയയിൽ പരസ്യപ്പോര് നടത്തി. മറ്റൊരു സ്ഥലമേറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചതോടെ കളക്ടർ പദ്ധതി ഉപേക്ഷിച്ചു. അതോടെ പോത്തുകല്ല് ഗ്രാമപഞ്ചായത്തംഗം ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. ആനക്കല്ലിലെ 3.57 ഏക്കർ ആദിവാസികൾക്കായി നൽകാൻ കോടതി ഉത്തരവിട്ടു.

 എന്നുയരും വീട്

580 ചതുരശ്ര അടിയുള്ള 32 വീടുകളുടെ പണി തുടങ്ങിയിട്ട് ഒരുവ‌ർഷമായി. നാല് ലക്ഷം ദുരന്തനിവാരണവകുപ്പും രണ്ടുലക്ഷം എസ്.ടി വകുപ്പും നൽകും. ലഭിച്ച നാല് ലക്ഷത്തിന് തട്ട് വരെ വാർത്തു. ബാക്കി പണിക്ക് വേണ്ട രണ്ട് ലക്ഷം എസ്.ടി വകുപ്പാണ് അനുവദിക്കേണ്ടത്. അതിനായി ആദിവാസികൾ കളക്ടറേറ്റിലേക്ക് മാർച്ച് വരെ നടത്തി.

'ഫണ്ട് ആവശ്യപ്പെട്ട് പട്ടിക വർഗവകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. തുടർനടപടികളായിട്ടില്ല".

- ഐ.ടി.ഡി.പി അധികൃതർ