d
മുനിസിപ്പൽ ബസ് സ്റ്റാന്റ്

പരപ്പനങ്ങാടി: അനിവാര്യമായ രീതിയിൽ വിപുലീകരിക്കാനായില്ലെങ്കിലും ബസ് സ്റ്റാൻഡ് നവീകരണം പൂർത്തീകരിക്കാനായതിന്റെ ആശ്വാസത്തിലാണ് നഗരസഭ. കൊവിഡ് അടക്കമുള്ള പ്രതിസന്ധികൾക്കിടയിൽ പ്രവൃത്തി പൂർത്തീകരിക്കാനായത് നേട്ടമായി കാണുകയാണ് ഭരണസമിതി. കൂടുതൽ ആധുനിക സൗകര്യങ്ങൾ ഭാവിയിൽ ഒരുക്കാനാവുമെന്ന പ്രതീക്ഷയിലാണ് നഗരസഭ.
നിലവിലെ സ്റ്റാൻഡിലെ നഗരസഭയുടെ പഴകിയ ഇരുനിലകെട്ടിടവും
ഷോപ്പിംഗ് സെന്ററുകളും ടാക്സി സ്റ്റാൻഡുകളും നേരത്തെ തന്നെ പൊളിച്ചു മാറ്റിയിരുന്നു . പരിസരത്തെ മരങ്ങളും മുറിക്കേണ്ടിവന്നു . നിലവിലെ ബസ് സ്റ്റാൻഡ് റെയിൽവേ പ്ലാറ്റ് ഫോമിനോട് ചേർന്നായതിനാൽ ഒട്ടേറെ നൂലാമാലകളാണ് നവീകരണത്തിനായി തരണം ചെയ്യേണ്ടി വന്നതെന്ന് മുനിസിപ്പൽ ചെയർമാൻ എ. ഉസ്മാൻ പറഞ്ഞു .
കാത്തിരിപ്പ് കേന്ദ്രത്തിനായി പുതിയ കെട്ടിടം പണിതിട്ടുണ്ട്. 150ഓളം ബസുകൾ കടന്നുപോകുന്ന പരപ്പനങ്ങാടിയിലെ സ്റ്റാൻഡിൽ ആവശ്യത്തിന് ബസുകളെ ഉൾക്കൊള്ളുന്നതിലടക്കമുള്ള പരിമിതികൾ കണക്കിലെടുത്താണ് നവീകരണത്തിന് സർക്കാർ തീരുമാനിച്ചത്.

തിരൂർ ,കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസുകൾക്കായി താനൂർ റോഡിൽ ഒരു വെയ്റ്റിംഗ് ഷെഡ് മാത്രമാണ് നിലവിലുള്ളത്. ഇവയ്ക്കായി പുതിയ സ്റ്റാന്റ് നിർമ്മിക്കാനുള്ള പ്രവർത്തനം പുരോഗമിക്കുന്നതായി ചെയർമാൻ പറഞ്ഞു .