
മലപ്പുറം: കെ. റെയിൽ പദ്ധതിക്ക് ഭൂമിയേറ്റെടുക്കുന്നതിന് അതിർത്തി നിർണ്ണയിച്ച് കല്ലിടുന്ന പ്രവൃത്തി ജില്ലയിൽ ഒരുമാസത്തിനകം പൂർത്തിയാക്കും.109.94 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി എറ്റെടുക്കുക. ഇതു സംബന്ധിച്ച വിജ്ഞാപനം നേരത്തെ പുറപ്പെടുവിച്ചിരുന്നു. ബംഗളൂരു ആസ്ഥാനമായ കമ്പനിയാണ് അലൈൻമെന്റ് നിർണ്ണയിച്ച് കല്ലിടുന്നത്. തൃശൂർ ജില്ലയോട് അതിർത്തി പങ്കിടുന്ന പൊന്നാനി താലൂക്ക് പരിധിയിൽ കല്ലിടൽ പ്രവൃത്തി തുടങ്ങിയിട്ടുണ്ട്. പ്രതിഷേധമുയർന്ന പശ്ചാത്തലത്തിൽ സർവേ ടീം ആവശ്യപ്പെട്ടാൽ പൊലീസ് സംരക്ഷണം ഉറപ്പാക്കാനാണ് അധികൃതരുടെ തീരുമാനം.
പൊന്നാനി, തിരൂരങ്ങാടി, തിരൂർ താലൂക്കുകളിലെ 15 വില്ലേജുകളിലാണ് കല്ലിടൽ നടക്കുക. പൊന്നാനി താലൂക്കിലെ ആലങ്കോട്, കാലടി, തവനൂർ, വട്ടംകുളം വില്ലേജുകളിൽ ആദ്യം കല്ലിടൽ പൂർത്തിയാക്കും. തിരൂരങ്ങാടി താലൂക്കിലെ അരിയല്ലൂർ, നെടുവ, വള്ളിക്കുന്ന്, തിരൂർ താലൂക്കിലെ നിറമരുതൂർ, പരിയാപുരം, താനാളൂർ, താനൂർ, തലക്കാട്, തിരുന്നാവായ, തിരൂർ, തൃക്കണ്ടിയൂർ വില്ലേജുകളിലൂടെയും പാത കടന്നുപോവും.
ജില്ലയിൽ ഡെപ്യൂട്ടി കളക്ടർക്ക് (എൽ.എ) പദ്ധതിയുടെ ഏകോപന ചുമതല നൽകിയിട്ടുണ്ട്.
ശേഷം സാമൂഹികാഘാത പഠനം
സാമൂഹികാഘാത പഠനത്തിന്റെ മുന്നോടിയായാണ് അലൈൻമെന്റിന്റെ അതിർത്തിയിൽ കല്ലിടുന്ന പ്രവൃത്തി പുരോഗമിക്കുന്നത്.
ഭൂമി ഏറ്റെടുക്കുന്നത് മൂലമുണ്ടാവുന്ന ആഘാതങ്ങൾ, നഷ്ടം സംഭവിക്കുന്ന വീടുകൾ, കെട്ടിടങ്ങൾ, ബാധിക്കപ്പെടുന്ന കുടുംബങ്ങൾ, ആഘാതം ലഘൂകരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ എന്നിവ സംബന്ധിച്ച വിവര ശേഖരണത്തിനാണ് സാമൂഹികാഘാത പഠനം.
കാസർകോട് മുതൽ തിരുവനന്തപുരം വരെ 530 കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന പാതയാണിത്.
നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ജില്ലയിൽ സ്‌പെഷൽ തഹസിൽദാരെ നിയോഗിച്ച് പരപ്പനങ്ങാടി പി.ഡബ്ള്യു.ഡി കെട്ടിടത്തിൽ ഓഫീസിന്റെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അനുവദിച്ച 16 ജീവനക്കാരിൽ ഒമ്പത് പേരെ ഇതിനകം നിയമിച്ചിട്ടുണ്ട്.
കളക്ടറേറ്റിൽ താത്കാലിക ഓഫീസിലായിരുന്നു ഇതുവരെ പ്രവർത്തിച്ചിരുന്നത്. അതിർത്തി നിർണ്ണയം വേഗത്തിലാക്കുന്ന പശ്ചാത്തലത്തിലാണ് സ്വന്തമായി ഓഫീസ് സൗകര്യങ്ങളൊരുക്കിയത്. നേരത്തെ പി.ഡബ്ള്യു.ഡി കെട്ടിടത്തിൽ ഓഫീസ് അനുവദിക്കുന്ന നടപടികൾ നീണ്ടുപോയിരുന്നു.
ജില്ലയിൽ അതിർത്തി നിർണ്ണയിച്ച് കല്ലിടുന്ന പ്രവൃത്തി പുരോഗമിക്കുന്നുണ്ട്. വേഗത്തിൽ പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ.
കെ.റെയിൽ പദ്ധതി സ്പെഷൽ തഹസിൽദാർ