
മലപ്പുറം: ചികിത്സയിൽ കഴിയുന്ന മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ച് രാഹുൽ ഗാന്ധി. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ കോട്ടയ്ക്കലിലെ അൽശാഫി ആയുർവേദ ആശുപത്രിയിലായിരുന്നു 10 മിനിറ്റ് നീണ്ട അപ്രതീക്ഷിത സന്ദർശനം. രണ്ടുദിവസത്തെ വയനാട് സന്ദർശനത്തിനായി എത്തിയ രാഹുൽ പി.ടി.തോമസ് എം.എൽ.എയുടെ മരണത്തെ തുടർന്ന് പരിപാടികൾ റദ്ദാക്കിയിരുന്നു.
ഇന്നലെ രാവിലെ 8.20ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ രാഹുൽഗാന്ധി കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിലെത്തി. പി.ടി.തോമസ് അനുസ്മരണ പരിപാടിക്കായി കോഴിക്കോട്ടേക്ക് തിരിച്ച രാഹുൽ ഇവിടെ നിന്ന് കൊച്ചിയിലേക്ക് മടങ്ങും വഴിയാണ് തങ്ങളെ സന്ദർശിച്ചത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, എ.പി.അനിൽകുമാർ എം.എൽ.എ, മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവരും കൂടെയുണ്ടായിരുന്നു.