
മലപ്പുറം: സന്തോഷ് ട്രോഫി ദേശീയ സീനിയർ ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ റൗണ്ട് മത്സരങ്ങൾ ഫെബ്രുവരി 20 മുതൽ മാർച്ച് ആറ് വരെ മലപ്പുറത്ത് നടക്കുമെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു. സംഘാടകസമിതി രൂപവത്കരണത്തിനു ശേഷം മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. ആദ്യഘട്ടത്തിലെ ഒരു ഗ്രൂപ്പിന്റെ മത്സരങ്ങളാണ് കോട്ടപ്പടിയിൽ നടക്കുക. സെമി, ഫൈനൽ മത്സരങ്ങൾ പയ്യനാട് സ്റ്റേഡിയത്തിലാണ്.
10 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഫൈനൽ ഉൾപ്പെടെ 23 മത്സരങ്ങളുണ്ടാവും. അഞ്ച് ടീമുകൾ ഉൾപ്പെടുന്ന രണ്ട് ഗ്രൂപ്പിൽ ഓരോ ടീമിനും ഗ്രൂപ്പ് ഘട്ടത്തിൽ നാല് മത്സരങ്ങളുണ്ടാവും. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ സെമിഫൈനലിന് യോഗ്യത നേടും. പരിശീലനത്തിന് ജില്ലയിലെ വിവിധ സ്റ്റേഡിയങ്ങൾ ഒരുക്കും.
രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കാവും സ്റ്റേഡിയങ്ങളിലേക്ക് പ്രവേശനം. കളിക്കാരുടെ താമസം, പരിശീലനം, യാത്ര എന്നിവ ബയോബബിൾ സംവിധാനത്തിലായിരിക്കും. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി കളിക്കാർക്കും ഒഫീഷ്യൽസിനും താമസസൗകര്യമൊരുക്കും. സ്റ്റേഡിയവുമായി ബന്ധപ്പെട്ട പ്രവൃത്തികളും സ്റ്റേഡിയത്തിലേക്കുള്ള റോഡിന്റെ നിർമ്മാണവും ഉടൻ പൂർത്തിയാകും.
സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് പുറമേ വിവിധ ചാമ്പ്യൻഷിപ്പുകൾ കേരളത്തിലെത്തിക്കും. അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷനുമായി 2030 വരെയുള്ള കരാറാണ് ഒപ്പിടാൻ പോകുന്നത്. കോഴിക്കോട് അന്തരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബാൾ സ്റ്റേഡിയം സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.