മലപ്പുറം: കാലാവസ്ഥ മാറ്റത്തിന് പിന്നാലെ ജില്ലയിൽ പനി ബാധിതരുടെ എണ്ണവും കുതിക്കുന്നു. ഈ മാസം ഇതുവരെ പനി ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയവരുടെ എണ്ണം 16,079 ആണ്.
കഴിഞ്ഞ മൂന്ന് മാസമായി പനി ബാധിതരുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും ആദ്യമായാണ് ഒരുമാസം പൂർത്തിയാവും മുമ്പേ രോഗികളുടെ എണ്ണം 15,000 കടക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ദിനംപ്രതി ശരാശരി 900 പേർ ചികിത്സ തേടുന്നുണ്ട്. മിക്ക ജില്ലകളിലും 500ന് താഴെ പേരാണ് വൈറൽ പനി ബാധിച്ചെത്തുന്നത്. മഞ്ഞും വെയിലും ഇടകലർന്ന കാലാവസ്ഥയും വില്ലനാവുന്നുണ്ട്. കൊവിഡിന് ശേഷം പനി ലക്ഷണങ്ങളുണ്ടായാലും സ്വയംചികിത്സ നടത്തുന്ന ശീലത്തിന് മാറ്റമുണ്ടായതും ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്.
ഡെങ്കിയും എലിപ്പനിയും
കുറഞ്ഞു
- ഡെങ്കി, എലിപ്പനി ബാധിതരുടെ എണ്ണം മുൻമാസങ്ങളെ അപേക്ഷിച്ച് കുറഞ്ഞത് ജില്ലയുടെ ആരോഗ്യമേഖലയ്ക്ക് ആശ്വാസമാണ്.
- ഈ മാസം എട്ട് ഡെങ്കി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ചുങ്കത്തറ - 2, ചാലിയാർ, ആനക്കയം, കാളികാവ്, വഴിക്കടവ്, തുവ്വൂർ, ഇടവത്തിരുത്തി എന്നിവിടങ്ങളിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. എലിപ്പനി ലക്ഷണങ്ങളോടെ 15 പേർ ചികിത്സ തേടിയപ്പോൾ ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ചു.
- മമ്പാട്, ഊർങ്ങാട്ടിരി, കരുളായി - 3, മാറാക്കര എടവണ്ണ, വണ്ടൂർ, കാളികാവ് എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്.
- മലയോര മേഖലകളിലാണ് തുടക്കം മുതൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നത്.
- തദ്ദേശസ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ പ്രതിരോധ, ബോധവത്കരണ പ്രവർത്തനങ്ങൾ ഇവിടങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്നുണ്ടെങ്കിലും രോഗവ്യാപനം തടയാനായിട്ടില്ല.
-
-