malappuram

കുളിക്കാൻ ഇറങ്ങിയവർക്ക് കടുത്ത ചൊറിച്ചിൽ. വെള്ളത്തിന് ചിലയിടങ്ങളിൽ കടുംകറുപ്പ് നിറവും. കോളിഫോം ബാക്ടിരിയയുടെ വലിയ സാന്നിദ്ധ്യമുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടുണ്ട്. ഈ വെള്ളം കുടിക്കാൻ ഉപയോഗിക്കുന്നത് ഒന്ന് ആലോചിച്ചുനോക്കൂ. പറഞ്ഞുവരുന്നത് ഭാരതപുഴയെന്ന മലയാളിയുടെ ഗൃഹാതുര ഓ‌ർമ്മകളെ സമ്പന്നമാക്കിയ നിളയുടെ ഇപ്പോഴത്തെ അവസ്ഥയാണ്. കുടിവെള്ള പദ്ധതികളിലൂടെ വരുന്ന വെള്ളം ഉപയോഗശൂന്യമായതോടെ പലയിടങ്ങളും പ്രതിഷേധമുയർന്നിട്ടുണ്ട്.

നിളയെ ആശ്രയിച്ച് നൂറിലധികം കുടിവെള്ള പദ്ധതികളാണ് നടന്നുകൊണ്ടിരിക്കുന്നത്. തൊട്ടടുത്ത് നിളയുണ്ടായിട്ടും കുടിക്കാൻ നല്ല വെള്ളം കിട്ടാത്ത പതിനായിരക്കണക്കിന് മനുഷ്യരുണ്ട്. നിള എങ്ങനെ ഈ അവസ്ഥയിലേക്ക് എത്തിയെന്നത് സംബന്ധിച്ച ചർച്ചകൾക്കും പഠനങ്ങൾക്കും ഒരു കുറവുമില്ല. സർക്കാരിലേക്ക് പോയ റിപ്പോർട്ടുകൾക്കും കണക്കില്ല. എന്നിട്ടും നിള അനുദിനം കൂടുതൽ മലിനമായി കൊണ്ടിരിക്കുകയാണ്. നിളയെ മാലിന്യമുക്തമാക്കാനുള്ള നടപടികൾ കൈകൊള്ളണമെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദ്ദേശവും ഫയലിൽ ഉറങ്ങുകയാണ്. നിള കടന്നുപോവുന്ന തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ പതിനായിരക്കണക്കിന് കുടുംബങ്ങളാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത്.

മാലിന്യ ടാങ്കല്ല ഇത് പുഴ

നിളയോരത്ത് ചെറുതും വലുതുമായ നിരവധി നഗരങ്ങളുണ്ട്. ഹോട്ടലുൾ, മത്സ്യ മാംസ മാർ‌ക്കറ്റുകൾ അടക്കമുള്ളവയും അനവധി. ഇവിടങ്ങളിലൊന്നും മലിനജലം ശുദ്ധീകരിക്കാനുള്ള സംവിധാനങ്ങളില്ല. പിന്നെ ഈ മാലിന്യങ്ങൾ എല്ലാം എന്തു ചെയ്യുന്നെന്ന ചോദ്യത്തിന് ഉത്തരമായി നിളയെ ചൂണ്ടിക്കാട്ടും. മഴ വെള്ളം ഒഴുകിപോകാൻ നിർമ്മിച്ച ഓവുചാലുകളിൽ ഒഴുകുന്നത് മലിന ജലമാണ്. ചിലയിടങ്ങളിൽ സെപ്റ്റിക് മാലിന്യമടക്കം ഒഴുക്കിവിടുന്നുണ്ട്. കുറ്റിപ്പുറത്ത് നിർമ്മിച്ച പൊതുശൗചാലയത്തിന്റെ
സെപ്റ്റിക് ടാങ്ക് തുറക്കുന്നത് തന്നെ നിളയിലേക്കാണ്. നാട്ടുകാരിത് കൈയോടെ പിടികൂടിയപ്പോഴാണ് അധികൃതർ നടപടിയെടുത്തത്. ഇതിന് തൊട്ടടുത്ത് തന്നെ കുടിവെള്ള പദ്ധതിയുണ്ടെന്നത് മറ്റൊരു കാര്യം. സർക്കാർ സംവിധാനങ്ങൾ തന്നെ ഇങ്ങനെ പ്രവ‌ർത്തിക്കുമ്പോൾ സ്വകാര്യ സ്ഥാപനങ്ങൾ ചെയ്യുന്നത് എത്രമാത്രമാവുമെന്നത് ഊഹിച്ചാൽ മതിയാവും.

അന്ന് തുടങ്ങിയത് ഇന്നും

നിളയുടെ നെഞ്ചകം പിളർത്തിയുള്ള മണലൂറ്റലിൽ ദാഹജലം പേറാൻ പോലും നിളയ്ക്കാവുന്നില്ല. വേനലെത്തും മുമ്പെ നിള നീർച്ചാൽ പോലെയായിട്ടുണ്ട്. പ്രളയത്തിൽ അടിഞ്ഞുകൂടിയ മണൽകൂനകളെ പകൽവെളിച്ചത്തിൽ പോലും നിർബാധം ഊറ്റുന്ന മാഫിയകൾ വൈകാതെ നിളയുടെ അവസാന ശ്വാസവും കവ‌ർന്നെടുക്കും. നടപടിയെടുക്കേണ്ട അധികൃതർ കൊള്ളയ്ക്ക് നേരെ കണ്ണടക്കുമ്പോൾ നിസഹായയായി നിള പുളയുകയാണ്. നേരത്തെ രാത്രിയുടെ മറവിൽ അനധികൃതമായാണ് മണൽകൊള്ള നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ പുഴ ശുദ്ധീകരിക്കാനുള്ള പദ്ധതിയുടെ മറവിലാണ് മണൽകൊള്ള അരങ്ങേറുന്നത്. ഷൊർണ്ണൂർ, കൊണ്ടയൂർ, വറവട്ടൂർ, ചെങ്ങണംകുന്ന് ഭാഗങ്ങളിലാണ് ചെളി നീക്കം ചെയ്യുന്നതിന്റെ മറവിൽ മണൽകൊള്ള അരങ്ങേറുന്നത്. ഇതര സംസ്ഥാനങ്ങളിലേക്ക് വരെ കോടികളുടെ മണൽ കടത്തിന് അധികൃതരുടെ ഒത്താശ കൂടിയുണ്ടെന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞ രണ്ട് പ്രളയങ്ങൾക്ക് ശേഷം നിളയിൽ കൂടുതൽ മണൽ ശേഖരമെത്തിയിട്ടുണ്ട്. മണൽതരികളെ അടിത്തട്ടിൽ ഒളിപ്പിക്കാനുള്ള ശേഷി നിള തിരിച്ചുപിടിക്കുന്നതും ശുഭസൂചനയാണ്. നിലവിലെ അനധികൃത മണൽകടത്തുകൾ തുടർന്നാൽ ഈ പ്രതീക്ഷയും ഇല്ലാതാവും.

നാല് പതിറ്റാണ്ടിലധികം നീണ്ട മണലെടുപ്പാണ് നിളയുടെ ജീവിതം മാറ്റിയെഴുതിയത്. 36 സർക്കാർ അംഗീകൃത കടവുകളിൽ നിന്ന് ഒരുവർഷം 5.1ലക്ഷം ക്യൂബിക് മീറ്റർ മണലാണ് നിളയിൽ നിന്ന് കോരിയെടുത്തത്. പകലെന്നോ, രാത്രിയെന്നോ വ്യത്യാസമില്ലാതെ മണലൂറ്റിയിരുന്ന 600ഓളം അനധികൃത മണൽകടവുകളും നിളയിലുണ്ടായിരുന്നു. പലയിടങ്ങളിലും നാലും അഞ്ചും മീറ്ററിലധികം ആഴത്തിൽ മണലൂറ്റിയപ്പോൾ അവശേഷിച്ചത് ചെളികുണ്ടുകളാണ്. ഒഴുകുന്ന വെളളത്തിന്റെ
രണ്ടിരട്ടി മണൽത്തിട്ടകളിൽ ഒഴുകാതെ സൂക്ഷിക്കപ്പെടുമെന്നത് ആരും പരിഗണിച്ചില്ല.
ഒരുവർഷം 7,478 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം നിളയിലൂടെ ഒഴുകിപോവുന്നുണ്ടെന്നാണ് സെന്റർ ഫോർ വാട്ടർ റിസോഴ്‌സ് ഡെവലപ്പുമെന്റ് ആന്റ് മാനേജുമെന്റിന്റെ കണക്ക്. ഇതിൽ നല്ലൊരു പങ്കും മൺസൂണിലാണ്. നിള ഒഴുകുന്ന പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളെ ജലസമ്പന്നമാക്കാൻ മറ്റൊന്നും വേണ്ട. എന്നിട്ടും വേനലിന് മുൻപേ നീളയോരം കുടിനീരിനായി നെട്ടോട്ടമോടുകയാണ്.

പശ്ചിമഘട്ടത്തിലെ ആനമലയിൽ നിന്നാരംഭിച്ചു പാലക്കാട്ടെ കണ്ണാടിപ്പുഴയും കൽപ്പാത്തിയും തൂതപ്പുഴയുമടക്കം ചെറുപുഴകളുമായി സംഗമിച്ചാണ് മലയാളിയുടെ നിളയാവുന്നത്. പൊന്നാനിയിൽ അറബിക്കടലിലേക്ക് ലയിക്കുമ്പോൾ നിള പിന്നിടുന്നത് 209 കിലോമീറ്റർ. പശ്ചിമഘട്ടത്തിലെ മലനിരകളും ചെറുതോടുകളും അടങ്ങിയ വൃഷ്ടിപ്രദേശമാണ് നിളയുടെ ജീവൻ. കേരളത്തിൽ 400 ചതുരശ്ര കി.മീറ്ററും തമിഴ്‌നാട്ടിൽ 1,​768 ച.കി.മീ. വൃഷ്ടിപ്രദേശവുമുണ്ട്. ആനമലനിരകളിലെ മിക്ക വനങ്ങളും നെല്ലിയാമ്പതി, വാളയാർ, ധോണി, അകമലവാരം വനമേഖലകളും വെട്ടിവെളുപ്പിക്കുന്നതിനും വേഗം കൂടിയിട്ടുണ്ട്. പശ്ചിമഘട്ടത്തിലെ ഈ പച്ചപ്പുകൾ സംരക്ഷിക്കേണ്ടതിന്റെ
പ്രാധാന്യം കൂടി ബോദ്ധ്യപ്പെടുത്തുന്നതാണ് നിളയുടെ നിലവിലെ അവസ്ഥ.

പ്രതിസന്ധിയിൽ നൂറിലധികം പദ്ധതികൾ
വേനൽ എത്തും മുൻപേ ഭാരതപുഴയുടെ പല ഭാഗങ്ങളും വറ്റിവരണ്ടതോടെ നിരവധി കുടിവെള്ള പദ്ധതികളുടെ നടത്തിപ്പ് പ്രതിസന്ധിയിലായിട്ടുണ്ട്. മിനി പമ്പ, ചമ്രവട്ടം റെഗുലേറ്റർ പ്രദേശങ്ങളിലാണ് താരതമ്യേനെ വെള്ളമുള്ളതെങ്കിലും ഇവിടങ്ങളിലും അതിവേഗം വെള്ളം കുറയുന്നുണ്ട്. ഭൂരിഭാഗം ഇടങ്ങളിലും ഭാരതപ്പുഴ നീർച്ചാലായി മാറിയിട്ടുണ്ട്. ചിലയിടങ്ങളിൽ നാട്ടുകാരുടെ നേതൃത്വത്തിൽ താത്‌കാലിക തടയണകൾ കെട്ടി വെള്ളം തടഞ്ഞുനിറുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫലപ്രദമാവുന്നില്ല. ഭാരതപുഴ വറ്റിയതോടെ സമീപപ്രദേശങ്ങളിലെ ജലസ്രോതസുകളിലും ജലവിതാനം താഴുന്നുണ്ട്. പതിനായിരത്തിലധികം കുടുംബങ്ങളാണ് നിളയോരത്തെ പ്രദേശങ്ങളിൽ താമസിക്കുന്നത്. വേനലിന് മുൻപേ കുടിവെള്ള ടാങ്കറുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഇവർ. കുറഞ്ഞത് 1,000 രൂപയാണ് ടാങ്കർ വാഹനങ്ങൾ വെള്ളത്തിനായി ഈടാക്കുന്നത്. ഒരുകുടുംബത്തിന് പരമാവധി മൂന്ന് ദിവസത്തേക്ക് മാത്രമേ ഈ വെള്ളമുണ്ടാവൂ. വേനൽ കടുക്കുന്നതോടെ ടാങ്കർ വെള്ളത്തിന്റെ വിലയും കൂടും. എത്രയെടുത്താലും വറ്റാത്ത കുടിനീരുമായി ഒഴുകിയിരുന്ന നിളയെ കൊല്ലാക്കൊല ചെയ്തപ്പോൾ ദുരിതത്തിലായത് വലിയൊരു ജനതയാണ്. നിളയുടെ ശേഷിക്കുന്ന ജീവൻ രക്ഷിക്കാൻ ഇനിയൊങ്കിലും അധികൃതർ ഉണർ‌ന്ന് പ്രവർത്തിക്കണമെന്നാണ് ഏവരുടെയും ആവശ്യം.