kkkk

മലപ്പുറം: ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വാക്‌സിനേഷൻ വേഗത്തിലാക്കാനുള്ള ആരോഗ്യവകുപ്പിന്റെ ശ്രമങ്ങൾക്ക് ജില്ലയിൽ വേണ്ടത്ര പിന്തുണ കിട്ടുന്നില്ല. 31,​05,​767 പേർ ഒന്നാം ഡോസെടുത്ത് ഇക്കാര്യത്തിൽ 99.2 ശതമാനമെന്ന മികച്ച നേട്ടം കൈവരിച്ചപ്പോൾ രണ്ടാം ഡോസെടുത്തവർ 71 ശതമാനം മാത്രമാണ്. ഇന്നലെ വരെ 22,​04,010 പേരാണ് രണ്ടാം ഡോസെടുത്തത്. ഒന്നാം ഡോസിനെ അപേക്ഷിച്ച് രണ്ടാം ഡോസിൽ 9,​01,​7​57പേരുടെ കുറവുണ്ട്. ഇതിൽ നല്ലൊരു പക്ഷവും രണ്ടാം ഡോസെടുക്കാൻ സമയമായിട്ടും വാക്സിനെടുക്കാത്തവരാണ്. കൊവിഡ് രോഗികളുടെ എണ്ണവും വ്യാപനവും ജില്ലയിൽ കുറയുകയും വാക്സിൻ ലഭ്യത വർദ്ധിക്കുകയും ചെയ്തതോടെയാണ് രണ്ടാം ഡോസെടുക്കുന്നതിൽ മിക്കവരും പിന്നാക്കം പോയത്. തുടക്കത്തിൽ ജനസംഖ്യാനുപാധികമായി വാക്‌സിൻ ലഭിക്കാത്തതായിരുന്നു ജില്ല നേരിട്ട പ്രതിസന്ധിയെങ്കിൽ ഇപ്പോൾ എല്ലാ കേന്ദ്രങ്ങളിലും വാക്‌സിൻ യഥേഷ്ടം ലഭ്യമാണ്. നിലവിൽ അഞ്ച് ലക്ഷം ഡോസ് വാക്സിൻ ജില്ലയിലുണ്ട്. ഇതിൽ മൂന്ന് ലക്ഷം ഡോസ് വാക്‌സിനേഷൻ കേന്ദ്രങ്ങൾക്ക് കൈമാറിയിട്ടുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പത്ത് ലക്ഷം ഡോസ് വാക്‌സിൻ എത്തിയപ്പോൾ ഇതിൽ രണ്ട് ലക്ഷം ഡോസ് മലപ്പുറത്തിനാണ് അനുവദിച്ചത്.

ജില്ലയിൽ 123 വാക്‌സിനേഷൻ സെന്ററുകളാണുള്ളത്. ഇതിൽ 115 എണ്ണം സർക്കാർ ആശുപത്രികളിലും എട്ടെണ്ണം സ്വകാര്യ മേഖലയിലുമാണ്. മിക്ക ദിവസങ്ങളിലും സർക്കാർ മേഖലയിൽ 100ന് മുകളിൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ജീവനക്കാരെയും സംവിധാനങ്ങളും ഒരുക്കി കാത്തിരിക്കുമ്പോൾ ലക്ഷ്യമിടുന്നതിന്റെ പകുതി പേർ പോലും പല കേന്ദ്രങ്ങളിലും എത്തുന്നില്ല. ആരോഗ്യവകുപ്പിന്റെ ജീവനക്കാരെ മാത്രം പ്രയോജനപ്പെടുത്തിയാൽ ഒരുദിവസം 70,​000 ഡോസ് വാക്‌സിനെടുക്കാനാവും. എന്നാൽ നിലവിൽ ശരാശരി 30,​000 ഡോസ് വാക്‌സിൻ മാത്രമാണ് എടുക്കാനാവുന്നത്. വാക്‌നേഷനിൽ പിറകിലുള്ള വാർഡുകൾ കേന്ദ്രീകരിച്ച് പ്രത്യേക ബോധവത്ക്കരണം നടത്താൻ പഞ്ചായത്ത്,​ മുനിസിപ്പൽ ഭരണസമിതികളുമായി ജില്ലാ കളക്ടർ നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത് വാക്‌സിനേഷൻ തോത് വർദ്ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ്.

കേന്ദ്ര കണക്കിൽ പിന്നിൽ

കേന്ദ്ര സർക്കാരിന്റെ കണക്കിൽ ജില്ലയിൽ 71 ശതമാനം പേരാണ് വാക്സിനെടുത്തിട്ടുള്ളത്. വിദേശങ്ങളിൽ നിന്നും മറ്റും വാക്‌സിനെടുത്തവരുടെ കണക്ക് ഇതിൽ ഉൾപ്പെട്ടിട്ടില്ല. ജില്ലയിലെ പ്രവാസികളിൽ നല്ലൊരുപങ്കും രണ്ട് ഡോസുകളും പൂർത്തിയാക്കിയവരാണ്. കോവിൻ പോർട്ടൽ കണക്ക് പ്രകാരം വാക്‌സിനേഷനിൽ ജില്ല രണ്ടാം സ്ഥാനത്താണ്. എറണാകുളമാണ് മുന്നിൽ. തിരുവനന്തപുരം,​ തൃശൂർ,​ കോഴിക്കോടുമാണ് മലപ്പുറത്തിന് തൊട്ടുപിന്നിലുള്ളത്.

ആവശ്യത്തിന് വാക്സിനും സംവിധാനങ്ങളും ജില്ലയിൽ ഒരുക്കിയിട്ടും രണ്ടാം ഡോസെടുക്കുന്നതിൽ ആളുകൾ വേണ്ടത്ര താത്പര്യം കാണിക്കുന്നില്ല. വാർഡുകളടക്കം താഴേത്തട്ട് കേന്ദ്രീകരിച്ച് ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. കൊവിഡ് വകഭേദങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിൽ വാക്സിനേഷൻ എത്രയും വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ട്.

ഡോ. പ്രവീണ,​ ഡെപ്യൂട്ടി ഡി.എം.ഒ,​ വാക്സിനേഷൻ നോഡൽ ഓഫീസർ