gold

കൊണ്ടോട്ടി:കരിപ്പൂർ സ്വർണക്കവർച്ച കേസിൽ വിദേശത്തേക്കു കടക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. കൊടുവള്ളി നെല്ലാംകണ്ടി ആലപ്പുറായി ഷമീറലിയാണ് (34- കാസു)പിടിയിലായത്. നേരത്തെ അറസ്റ്റിലായ കേസിലെ മുഖ്യപ്രതി കൊടുവള്ളി സുഫിയാന്റ ബന്ധുവാണ് ഷമീറലിയെന്നു പൊലീസ് പറഞ്ഞു. പൊലീസിനെ വെട്ടിച്ച് ഇന്നലെ പുലർച്ചെ കരിപ്പൂർ വിമാനത്താവളം വഴി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഷമീറലി പിടിയിലായത്. നേരത്തെ സ്വർണക്കടത്തിന് കസ്റ്റംസ് പിടിക്കപ്പെട്ട് കൊഫെപോസെയുമായി ബന്ധപ്പെട്ടു രണ്ടു മാസത്തോളം സൂഫിയാനൊടൊപ്പം ഇയാൾ ജയിലിൽ കിടന്നു പിന്നീട് ജാമ്യത്തിൽ ഇറങ്ങിയതാണ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സൂഫിയാന്റെ നേതൃത്വത്തിലുള്ള വാട്സ് ആപ് ഗ്രൂപ്പിൽ ഇയാളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കരിപ്പൂർ സ്വർണക്കവർച്ചാ കേസുമായി ബന്ധപ്പെട്ട് വിദേശത്ത് ഒളിവിൽ കഴിയുന്ന പ്രതികളെ കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂൺ 21നാണ് കരിപ്പൂരിൽ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി സ്വർണം കവർച്ച ചെയ്യാനെത്തിയ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലും പിന്നീട് രാമനാട്ടുകരയിലുണ്ടായ വാഹാനാപകടത്തിൽ അഞ്ചുപേർ മരിക്കുകയും ചെയ്തത്. കേസിൽ ഇതുവരെ 65 പ്രതികളെയും 25 വാഹനങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും.