inauguration

മലപ്പുറം: വർഗീയ സംഘടനകളുടെ ആശയങ്ങൾ മുസ്‌ലിം ലീഗ് ഏറ്റെടുത്തുവെന്നും ഇതിനെതിരെ സമാധാനകാംക്ഷികൾ രംഗത്തുവരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരൂരിൽ സി.പി.എം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. തീവ്രവാദികളുടെ മുദ്രാവാക്യവും കാഴ്ചപ്പാടുകളും ലീഗ് ഇപ്പോൾ സ്വയം ഏറ്റെടുത്തിരിക്കുകയാണ്. മതതീവ്രവാദ സംഘടനകളോടുള്ള മൃദുസമീപനവും രാഷ്ട്രീയ ലാഭത്തിനായി ജമാഅത്തെ ഇസ്‌ലാമി, പോപ്പുലർ ഫ്രണ്ട് പോലുള്ളവയുമായി ബന്ധമുണ്ടാക്കുന്ന രീതിയുമായിരുന്നു നേരത്തെ ലീഗിന്റേത്. പുതിയ നിലപാടുകളെ മതസംഘടനകളും സമാധാനകാംക്ഷികളുമായ ആളുകൾ തുറന്നുകാട്ടുമ്പോൾ അവർക്കെതിരെ അസഹിഷ്ണുതയോടെ ലീഗ് മുന്നോട്ടുവരുന്ന സ്ഥിതിവിശേഷമുണ്ട്. ആദരണീയരായ വ്യക്തികൾക്കെതിരെയടക്കം ഇത് പ്രകടമാണ്. ലീഗിന്റെ തീവ്രവാദപരവും മതസ്പർദ്ധ സൃഷ്ടിക്കുന്നതുമായ നീക്കങ്ങൾക്കെതിരെ അതിനകത്തുള്ള സമാധാനകാംക്ഷികൾ രംഗത്തുവരണം. ലീഗിനുള്ളിൽ മഹാഭൂരിപക്ഷവും സമാധാനകാംക്ഷികളാണെന്നാണ് മനസിലാക്കുന്നത്.

വർഗീയ അജൻഡയുണ്ടാക്കി ധ്രുവീകരണത്തിനുള്ള പരിശ്രമങ്ങളിലാണ് യു.ഡി.എഫ്. ഇതാണ് വഖഫ് വിഷയത്തിൽ ലീഗിന്റെ റാലിയും അതിനവർ സ്വീകരിച്ച സമീപനവും വ്യക്തമാക്കുന്നത്. സ്വത്വരാഷ്ട്രീയത്തിന്റെ മറവിൽ വർഗീയത പടർത്താനാണ് ചിലരു

ടെ ശ്രമം. ജനങ്ങളെ വ്യത്യസ്ത അറകളിലാക്കി നിറുത്തുകയാണ് ലക്ഷ്യം.

നാടിന് ഉപകാരമുള്ള

ഒരു പദ്ധതിയും ഉപേക്ഷിക്കില്ല

നാടിന് ഉപകാരമുള്ള ഒരു പദ്ധതിയും ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസനത്തിന് ചില നടപടികളാവശ്യമാണ്. അതുമൂലം ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ എന്തെല്ലാം ചെയ്യാനാവുമെന്നാണ് സർക്കാർ നോക്കുന്നത്. കെ റെയിൽ, ജലപാത, തീരദേശ ഹൈവേ, ഹിൽ ഹൈവേയൊക്കെ ഉണ്ടാക്കുന്ന മാറ്റം ചെറുതായിരിക്കില്ല. വികസനമെന്നത് ഇന്നുള്ളയിടത്ത് നിൽക്കലല്ല,​ കൂടുതൽ മുന്നേറലാണ്. ആ മുന്നേറ്റം ഓരോ ആളുടെയും ജീവിത നിലവാരത്തിലടക്കം ഉണ്ടാവണം.