
മലപ്പുറം: നിയമസഭാ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പൊന്നാനിയിലെ പരസ്യപ്രതിഷേധം സംസ്ഥാനത്ത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് സി.പി.എം മലപ്പുറം ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്. മറ്റ് പല മണ്ഡലങ്ങളിലും പ്രതിഷേധത്തിന് വളംവയ്ക്കുന്നതായി പൊന്നാനിയിലെ കാര്യങ്ങൾ. കേന്ദ്രകമ്മിറ്റിയിൽ വരെ ചർച്ചയായി. മലപ്പുറത്ത് കൂടുതൽ സീറ്റുകൾ ലഭിക്കാൻ പൊന്നാനി തടസമായി. നേതൃത്വത്തിന് പൊന്നാനിയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നെന്നും റിപ്പോർട്ടിൽ പറയുന്നു. കൃത്യമായ സന്ദേശം നൽകാനാണ് വിട്ടുവീഴ്ച വേണ്ടെന്ന നിലപാട് നേതൃത്വമെടുത്തതെന്നും ചർച്ചയിൽ നേതാക്കൾ ചൂണ്ടിക്കാട്ടി. ജില്ലാ സെക്രട്ടേറിയറ്റംഗമായിരുന്ന ടി.എം.സിദ്ധിഖിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയതിനെതിരെ പൊന്നാനിയിൽ നിന്നുള്ളവർ പ്രതിഷേധമുയർത്താൻ തീരുമാനിച്ചിരിക്കെയാണ് നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് നേതൃത്വം ആവർത്തിച്ചത്. അതേസമയം, പൊന്നാനിയിലെ വിഭാഗീയത പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരും.
പെരിന്തൽമണ്ണയിലെ തോൽവിക്ക് കാരണം സംഘടനാ സംവിധാനത്തിലെ ദൗർബല്യമാണ്. പാർലമെന്ററി വ്യാമോഹത്തിന് അടിമപ്പെട്ട പെരിന്തൽമണ്ണയിലെ ചില നേതാക്കൾ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് നേരത്തെ തന്നെ പ്രവർത്തിച്ചു. നേതൃത്വം കൊണ്ടുവന്ന സ്വതന്ത്ര സ്ഥാനാർത്ഥിയെ ഉൾക്കൊണ്ടില്ല. നേതാക്കളുടെ വിമുഖത താഴേത്തട്ടിലേക്കുമെത്തി. ഇത് പരിഹരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ പാർട്ടി ശക്തികേന്ദ്രങ്ങളിൽ ലഭിച്ച വോട്ടുകൾ പോലും നിയമസഭാ സ്ഥാനാർത്ഥിക്ക് ലഭിച്ചില്ല. പാർട്ടി കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തരംതാഴ്ത്തപ്പെട്ട സെക്രട്ടേറിയറ്റംഗം വി.ശശികുമാർ അടക്കമുള്ളവർ തെറ്റ് തിരുത്തണമെന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ പെരിന്തൽമണ്ണയും പൊന്നാനിയും നിറഞ്ഞുനിന്നു.
ജില്ലാ നേതൃത്വത്തിന് വീഴ്ച
രാഷ്ട്രീയ സമരങ്ങളും കാമ്പയിനുകളും ശക്തിപ്പെടുത്തുന്നതിൽ ജില്ലാ നേതൃത്വത്തിന് വീഴ്ചയുണ്ടായതായി സമ്മേളനത്തിൽ വിമർശനമുയർന്നു. മലപ്പുറത്ത് പാർട്ടിക്ക് എല്ലായിടത്തും ഒരുപോലെയുള്ള വളർച്ചയില്ലെന്നത് ഗൗരവമായി കാണണം. 100ഓളം ബൂത്തുകളിൽ പാർട്ടി ഘടകങ്ങളില്ല. ജനങ്ങളുടെ ജീവൽപ്രശ്നങ്ങളും സാമൂഹ്യപ്രശ്നങ്ങളും ഏറ്റെടുത്ത് പ്രാദേശികസമരങ്ങൾ സംഘടിപ്പിക്കുന്നതിൽ ജില്ലാ നേതൃത്വത്തിന് വലിയ പോരായ്മയുണ്ടായി. പാർട്ടിയംഗങ്ങൾക്ക് പാർട്ടി വിദ്യാഭ്യാസവും പരിശീലനവും നൽകുന്നതിൽ ദൗർബല്യങ്ങൾ നിലനിൽക്കുന്നുണ്ട്. ജില്ലാ പഠനകേന്ദ്രത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.