കെ.എം.എസ്.എല്ലിലേക്ക് ബാക്കി 22 കോടി രൂപ നൽകും
മലപ്പുറം: വയോജനങ്ങൾക്ക് ആശ്വാസമായിരുന്ന വയോമിത്രം പദ്ധതിയിൽ കൂടുതൽ മരുന്നുകൾ എത്തിയെങ്കിലും പ്രധാനപ്പെട്ട മരുന്നുകളുടെ ക്ഷാമം തുടരുകയാണ്. മൂന്ന് മാസം മുമ്പ് അത്യാവശ്യം വേണ്ട മരുന്നുകൾ പോലും ജില്ലയിൽ ഉണ്ടായിരുന്നില്ല. കെ.എം.എസ്.സി.എല്ലിന് നൽകാനുണ്ടായിരുന്ന 32 കോടിയിലേക്ക് 10 കോടി രൂപ സർക്കാർ നൽകിയതിനെ തുടർന്ന് രണ്ടുതവണയായി ചില മരുന്നുകൾ എത്തിയിരുന്നു. പ്രഷറിനുള്ള രണ്ടുതരം മരുന്നുകൾ എത്തിയിട്ടുണ്ട്. ഷുഗറിനുള്ള മരുന്നുകളും ഇൻസുലിനുമടക്കം ജീവിതശൈലി രോഗങ്ങളിൽ ഉൾപ്പെട്ട നിരവധി മരുന്നുകൾ ഇനിയും ജില്ലയിൽ എത്തേണ്ടതുണ്ട്.
ഒക്ടോബർ മുതലാണ് ജില്ലയിൽ വയോമിത്രം പദ്ധതിക്കാവശ്യമായ മരുന്നുകൾക്ക് ക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയത്. ജില്ലയിലെ ഓരോ നഗരസഭകളിലും ആയിരക്കണക്കിന് വയോജനങ്ങളാണ് പദ്ധതിയെ ആശ്രയിക്കുന്നത്. ആകെ 48,000 ഗുണഭോക്താക്കളാണ് ജില്ലയിലുള്ളത്. മരുന്ന് വിതരണം ചെയ്യുന്ന കെ.എം.എസ്.സി.എല്ലിലേക്ക് 32 കോടി രൂപ ഒടുക്കാത്തതിനെ തുടർന്ന് പദ്ധതിയിൽ ലഭിച്ച് കൊണ്ടിരുന്ന മരുന്നുകൾ മുടങ്ങുകയും നിരവധി രോഗികൾ ബുദ്ധിമുട്ടിലാവുകയും ചെയ്തു. ഭൂരിഭാഗവും ജീവിതശൈലി രോഗം അനുഭവിക്കുന്നവരാണ്. ഷുഗറിനും പ്രഷറിനുമുള്ള മരുന്നുകൾ സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വാങ്ങിക്കണമെങ്കിൽ തീവില ഒടുക്കണം. പദ്ധതിയിൽ പ്രതിസന്ധി വന്നതോടെ ചിലരെങ്കിലും സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുമെങ്കിലും ഗുണഭോക്താക്കളിൽ ഭൂരിഭാഗവും സ്വകാര്യ മെഡിക്കൽ ഷോപ്പുകളെ ആശ്രയിക്കാൻ സാമ്പത്തികമായി ശേഷിയില്ലാത്തവരാണ്.
ബാക്കിയുള്ള 22 കോടിയും നൽകും
കെ.എം.സി.എല്ലിന് ആകെ നൽകാനുണ്ടായിരുന്നത് 32 കോടി രൂപയായിരുന്നു. മരുന്ന് വിതരണം മുടങ്ങിയ അവസരത്തിൽ 10 കോടി രൂപ ആദ്യഘട്ടത്തിൽ നൽകി. ബാക്കിയുള്ള 22 കോടി രൂപ സർക്കാരിൽ നിന്നും പാസായിട്ടുണ്ട്. അടുത്ത ആഴ്ച്ചയോടെ പണം നൽകാനാകുമെന്ന് സാമൂഹ്യ സുരക്ഷ മിഷൻ അധികൃതർ കേരളകൗമുദിയോട് പറഞ്ഞു. ഇതോടെ കടബാദ്ധ്യത തീരും. അടുത്ത ആഴ്ചയിൽ തന്നെ മരുന്നുകൾ പൂർണമായും ജില്ലയിലേക്ക് എത്തുമെന്നതാണ് പ്രതീക്ഷ.
ലഭിച്ച മരുന്നുകൾ
കോപിലെറ്റ് - രക്തം കട്ടപിടിക്കാതിരിക്കാൻ
ടെൽമ 40 - പ്രഷർ
സിലാകാർ - പ്രഷർ
ടർപന്റയിൽ - വേദന സംഹാരി
സെറോഫ്ലോ - ഇൻഹേലർ