
മലപ്പുറം: സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിയായി ഇ.എൻ. മോഹൻദാസിനെ വീണ്ടും തിരഞ്ഞെടുത്തു. തിരൂരിൽ സമാപിച്ച ജില്ലാ സമ്മേളനത്തിൽ മറ്റ് പേരുകളൊന്നും ഉയർന്നില്ല. 38 അംഗ ജില്ലാ കമ്മിറ്റിയിൽ എട്ട് പുതുമുഖങ്ങളുണ്ട്. കഴിഞ്ഞ കമ്മിറ്റിയിലെ ആറുപേരിൽ മൂന്നുപേരെ പ്രായം പരിഗണിച്ചും മറ്റുള്ളവരെ പ്രവർത്തന പോരായ്മ ചൂണ്ടിക്കാട്ടിയും ഒഴിവാക്കി. നാല് വനിതകളെ ഉൾപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാർട്ടി അന്വേഷണ കമ്മിഷൻ റിപ്പോർട്ടിനെ തുടർന്ന് ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് തരംതാഴ്ത്തിയ മൂന്നുപേരിൽ സി.ദിവാകരനെയും വി.ശശികുമാറിനെയും വീണ്ടും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. പൊന്നാനിയിൽ നിന്നുള്ള ടി.എം.സിദ്ദിഖിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയതിൽ മാറ്റമില്ല.
2018ൽ പെരിന്തൽമണ്ണ ജില്ലാ സമ്മേളനത്തിലാണ് ഇ.എൻ. മോഹൻദാസ് ആദ്യമായി ജില്ലാ സെക്രട്ടറിയായത്. 69കാരനായ അദ്ദേഹം 2007ൽ മണ്ണഴി എ.യു.പി സ്‌കൂൾ പ്രധാനാദ്ധ്യാപകനായി വിരമിച്ചു. ഭാര്യ: റിട്ട. അദ്ധ്യാപിക കെ.ഗീത. മക്കൾ: ഡോ.ദിവ്യ (കോട്ടയ്ക്കൽ ആര്യവൈദ്യശാല), ധ്യാൻ മോഹൻ (ടെക്‌നോപാർക്ക്, തിരുവനന്തപുരം). മരുമക്കൾ: ജയപ്രകാശ് (അദ്ധ്യാപകൻ, മലപ്പുറം ഗവ.കോളേജ്), ശ്രീജിഷ (ടെക്‌നോപാർക്ക്, തിരുവനന്തപുരം).