
മലപ്പുറം: ജില്ലയിലെ സി.പി.എമ്മിന്റെ സൗമ്യ മുഖവും സംഘടനാ രംഗത്ത് ചടുലതയുമുള്ള നേതാവാണ് രണ്ടാംവട്ടവും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇ.എൻ.മോഹൻദാസ്. വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്ത് സജീവമായ ഇ.എൻ.മോഹൻദാസ് 2018ൽ പെരിന്തൽമണ്ണ ജില്ലാ സമ്മേളനത്തിലാണ് ആദ്യമായി ജില്ലാ സെക്രട്ടറിയായത്. തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളിലെ മികച്ച പ്രകടനവും ന്യൂനപക്ഷങ്ങൾക്കിടയിൽ കൈവരിച്ച സ്വാധീനവും പൊതുസ്വീകാര്യതയും ഇ.എൻ. മോഹൻദാസിന് നേട്ടമായി. 69കാരനായ അദ്ദേഹത്തിന് സംഘടനാ ഭാരവാഹിത്വത്തിനുള്ള 70 എന്ന പ്രായപരിധിയും വിലങ്ങായില്ല. തലമുറമാറ്റം ഉണ്ടാവുമെന്ന പ്രചാരണമുയർന്നെങ്കിലും രണ്ടാം അവസരമേകാനായിരുന്നു നേതൃത്വത്തിന്റെ തീരുമാനം. ചർച്ചകളിൽ മറ്റ് പേരുകൾ ഉയർന്നതുമില്ല.
1970ലാണ് പാർട്ടി അംഗമായത്. ഇന്ത്യനൂർ ബ്രാഞ്ച് സെക്രട്ടറി, കോട്ടയ്ക്കൽ ലോക്കൽ സെക്രട്ടറി, 11 വർഷം മലപ്പുറം ഏരിയാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. എസ്.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയും ഏറനാട് താലൂക്ക് സെക്രട്ടറിയുമായിരുന്നു. കെ.എസ്.വൈ.എഫ് ജില്ലാ പ്രസിഡന്റും ഡി.വൈ.എഫ്.ഐയുടെ പ്രഥമ ജില്ലാ പ്രസിഡന്റുമായി. ദേശാഭിമാനി മലപ്പുറം യൂണിറ്റ് മാനേജർ, റെയ്ഡ്‌കോ വൈസ് ചെയർമാൻ, കോഡൂർ സഹകരണ ബാങ്ക് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. കോട്ടയ്ക്കൽ ആര്യവൈദ്യശാലാ ജീവനക്കാരുടെ സംഘടനയായ ആര്യവൈദ്യശാല വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) പ്രസിഡന്റായിരുന്നു. 2007ൽ മണ്ണഴി എ.യു.പി സ്‌കൂൾ പ്രധാനാദ്ധ്യാപകനായി വിരമിച്ചു. ഇ.എം.എസ് പഠന ഗവേഷണ കേന്ദ്രം സെക്രട്ടറിയാണ്.