ggg

മലപ്പുറം: സി.പി.എം ജില്ലാ കമ്മിറ്റിയിലെ 38 അംഗങ്ങളിൽ എട്ട് പുതുമുഖങ്ങളും നാല് വനിതാ അംഗങ്ങളും. പ്രായാധിക്യത്താൽ ടി.കെ.ഹംസ,​ ടി.പി.ജോർജ്ജ്,​ പി.പി.വാസുദേവൻ എന്നിവരെ ഒഴിവാക്കി. പുതുമുഖങ്ങൾക്ക് അവസരമേകുന്നതിനായി അഡ്വ.ഐ.ടി.നജീബ്,​ അസൈൻ കാരാട്ട്,​ സി.എച്ച്. ആഷിഖ് എന്നിവരെ പുറത്തിരുത്തി. പി.കെ.മുബഷീർ,​ കെ.ശ്യാംപ്രസാദ്,​ ഇ.സിന്ധു,​ ഇ.കെ.ആയിഷ,​ ടി.സത്യൻ,​ ടി.രവീന്ദ്രൻ,​ എം.പി.അലവി,​ കെ.മജ്നു എന്നിവരാണ് പുതുമുഖങ്ങൾ. കഴിഞ്ഞ കമ്മിറ്റിയിലുണ്ടായിരുന്ന കെ.പി.സുമതി,​ വി.ടി.സോഫിയ എന്നിവർക്ക് പുറമെ ഇ.സിന്ധു,​ ഇ.കെ. ആയിഷ എന്നിവരിലൂടെ വനിതാപ്രാതിനിധ്യം നാലായി. പെരിന്തൽമണ്ണയിലെ തോൽവിയെ തുടർന്ന് ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് തരംതാഴ്ത്തിയ സി.ദിവാകരൻ,​ വി.ശശികുമാർ എന്നിവരെ വീണ്ടും ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസിന് പുറമെ വേലായുധൻ വള്ളിക്കുന്ന്,​ വി.എം.ഷൗക്കത്ത്,​ വി.പി.സക്കറിയ,​ ഇ.ജയൻ,​ വി.പി.അനിൽകുമാ‌‌ർ,​ ജോർജ്ജ് കെ.ആന്റണി,​ എം.എം.നാരായണൻ,​ കൂട്ടായി ബഷീ‌ർ,​ പി.ജ്യോതിഭാസ്,​ കെ.രാമദാസ്,​ പി.രാധാകൃഷ്ണൻ,​ വി.രമേശൻ,​ കെ.പി.സുമതി,​ കെ.പി.അനിൽ,​ എ.ശിവദാസൻ,​ പി.ഹംസക്കുട്ടി,​ പി.കെ.അബ്ദുള്ള നവാസ്,​ ഇ.പത്മാക്ഷൻ,​ എൻ.കണ്ണൻ,​ കെ.ഭാസ്ക്കരൻ,​ എൻ.പ്രമോദ് ദാസ്,​ കെ.പി.ശങ്കരൻ,​ പി.കെ.ഖലീമുദ്ധീൻ,​ ബി.മുഹമ്മദ് റസാഖ്,​ വി.പി.സോമസുന്ദരൻ,​ വി.ടി.സോഫിയ എന്നിവരാണ് മറ്റ് അംഗങ്ങൾ. തരംതാഴ്ത്തലിന് വിധേയരായ സി.ദിവാകരൻ,​ വി.ശശികുമാർ എന്നിവരുടെ അസാന്നിദ്ധ്യം മൂലം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളുടെ സമ്പൂർണ യോഗം വിളിച്ച് സെക്രട്ടേറിയറ്റംഗങ്ങളെ തിരഞ്ഞെടുക്കും.

മൂന്ന് ദിവസമായി നടന്ന സമ്മേളനത്തിൽ 204 പ്രതിനിധികളാണ് പങ്കെടുത്തത്. ഇതിൽ 177 പേർ പുരുഷന്മാരും 27 പേർ സ്ത്രീകളുമായിരുന്നു. ഏറ്റവും പ്രായം കൂടിയ പ്രതിനിധി ജില്ലാ കമ്മിറ്റിയംഗമായിരുന്ന ടി.കെ.ഹംസയും പ്രായം കുറഞ്ഞയാൾ ബാലസംഘം ജില്ലാ സെക്രട്ടറിയായ താനൂരിലെ എൻ.ആദിലുമായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒരുമണി വരെയായിരുന്നു ചർച്ച നിശ്ചയിച്ചിരുന്നതെങ്കിൽ 11.30ഓടെ പുതിയ ജില്ലാ കമ്മിറ്റിയടക്കം പ്രഖ്യാപിച്ച് പ്രതിനിധി സമ്മേളനം അവസാനിച്ചു. വിഭാഗീയതയോ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ തർക്കമോ ഇല്ലാത്തതിന്റെ തെളിവായാണ് ഇതിനെ നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.