 
മണ്ണാർക്കാട്: അട്ടപ്പാടിയോടുള്ള സർക്കാറിന്റെ വിവേചനത്തിലും ഉദ്യോഗസ്ഥരുടെ അനാസ്ഥക്കും അഴിമതിക്കുമെതിരെ യൂത്ത് കോൺഗ്രസ് മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണയും പ്രതിഷേധാത്മക പോഷകാഹാര കിറ്റ് വിതരണവും സംഘടിപ്പിച്ചു. അഗളി മിനിസിവിൽ സ്റ്റേഷനു മുന്നിൽ നടന്ന പരിപാടി ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ടി.എച്ച്. ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു. അട്ടപ്പാടിയിലേത് ശിശുമരണങ്ങൾ അല്ല കൊലപാതകമാണെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഗിരീഷ് ഗുപ്ത അദ്ധ്യക്ഷത വഹിച്ചു.
അട്ടപ്പാടിയിലെ ഊരുകളിലെ അംഗൻവാടികൾ വഴി നൽകുന്ന പോഷക ആഹാരകിറ്റ് നൽകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോഷകാഹാര കിറ്റ് വിതരണം ചെയ്ത് പ്രതിഷേധിച്ചത്. സംസ്ഥാന നിർവാഹക സമിതി അംഗം എം. പ്രശോഭ്, ജില്ലാ ജനറൽ സെക്രട്ടറി വിനോദ് ചെറാട്, സി. വിഷ്ണു, ഹമീദ്, എൻ.കെ. രഘുത്തമൻ, പി.എം. ഹനീഫ, സുനിൽ ജി.പുതൂർ, അനിത ജയൻ എന്നിവർ പങ്കെടുത്തു.