kk

പാലക്കാട്: മൂന്നു വയസുകാരൻ എമിന് കളിപ്പാട്ടമാണ് വെള്ളം.

എമിനെ ചിറയിലേക്ക് എടുത്തെറിഞ്ഞാൽ, മലർന്ന് നീന്തിത്തുടിക്കും. ഷൊർണ്ണൂർ കുളപ്പുള്ളി അന്തിമഹാകാളൻചിറയിൽ വിസ്മയക്കാഴ്ചയാവുകയാണ് എമിന്റെ നീന്തൽ.

ഷൊർണൂർ സ്വദേശിനി ജുമാനയുടെയും മലപ്പുറം രണ്ടത്താണി സ്വദേശി സലീം അബ്ദുള്ളയുടെയും മകൻ വെള്ളത്തെ കളിപ്പാട്ടമാക്കിത്തുടങ്ങിയത് വെറും എട്ടുമാസം പ്രായമുള്ളപ്പോഴാണ്. ഖത്തറിലെ വീട്ടിൽ വെള്ളത്തൊട്ടി കണ്ടാൽ ഉടൻ ചാടിവീഴുമായിരുന്നു. ആ ശീലം കൂടിവന്നതോടെ രണ്ടു വയസ് കഴിഞ്ഞപ്പോൾ സ്വിമ്മിംഗ് പൂളിൽ കളിക്കാൻ കൊണ്ടുപോയി. കൈകാലിട്ടടിച്ച് നീന്താൻ ശ്രമിക്കുന്നതുകണ്ടതോടെ വീട്ടുകാരും കളി കാര്യമായെടുത്തു.നീന്തലാണ് അവന്റെ ലോകമെന്ന് മനസ്സിലായി.

കൊവിഡ് കാലത്ത് കുടുംബം മടങ്ങിയെത്തിയെങ്കിലും കുഞ്ഞിന്റെ ഹോബി മുടക്കിയില്ല.

അതിനിടെയാണ് ഷൊർണ്ണൂർ കുളപ്പുള്ളി അന്തിമഹാകാളൻചിറയിൽ നീന്തൽ വിദഗ്ദ്ധൻ രാമകൃഷ്ണൻ പരിശീലനം നൽകുന്നകാര്യം അറിഞ്ഞത്. കുഞ്ഞിനെ കണ്ടപ്പോൾ അദ്ദേഹത്തിനും സംശയം. വെള്ളത്തിൽ മീനിനെപ്പോലെ നീന്തിത്തുടിച്ചാണ് എമിൻ അതിന് മറുപടി പറഞ്ഞത്. മലർന്ന് നീന്തുന്നതാണ് ഏറെ ഇഷ്ടം. ഇരുപത് മിനിട്ടുവരെ നീന്തും.കഴുത്തറ്റം വെള്ളത്തിൽ ഏറെനേരം പൊന്തിക്കിടക്കാനും മിടുക്കൻ.ആയിരത്തോളം കുട്ടികളെ നീന്തൽ പഠിപ്പിച്ച രാമകൃഷ്ണനും ഇതു വിസ്മയമായി. എമിന് ഒന്നരവയസുള്ള ഒരു സഹോദരി കൂടിയുണ്ട്.

ശ്വാസനിയന്ത്രണത്തോടെ ഏറെനേരം നീന്താൻ എമിന് പ്രത്യേക കഴിവുണ്ട്. കൈകാലുകൾ നന്നായി ഉപയോഗിക്കാനും ക്ഷീണം ബാധിക്കാതെ മലർന്നും നീന്താൻ ഈ മൂന്നു വയസുകാരന് കഴിയും.

- രാമകൃഷ്ണൻ

(നീന്തൽ പരിശീലകൻ)