
പാലക്കാട്: ജില്ലയിൽ തെങ്ങിനെ ആക്രമിക്കുന്ന വെള്ളീച്ചശല്യം ചിറ്റൂർ, പെരുമാട്ടി, കൊഴിഞ്ഞാമ്പാറ എന്നിവിടങ്ങളിൽ വ്യാപിച്ച സാഹചര്യത്തിൽ കർഷകർ ജാഗ്രത പാലിക്കണമെന്ന് പട്ടാമ്പി കൃഷിവിജ്ഞാന കേന്ദ്രം അധികൃതർ അറിയിച്ചു. തൂവെള്ള നിറത്തിൽ കാണപ്പെടുന്ന ഇത്തരം കീടങ്ങൾ ഇലയുടെ അടിയിൽ വൃത്താകൃതിയിലോ അർദ്ധവൃത്താകൃതിയിലോ മുട്ടയിടുകയും വെള്ളപഞ്ഞി പോലുള്ള ആവരണം കൊണ്ട് മുട്ട മൂടുകയും ചെയ്യുന്നു. കൂടാതെ തെങ്ങോലകളുടെ അടിഭാഗത്തിരുന്ന് നീരൂറ്റി കുടിക്കുകയും മധുരശ്രവം വിസർജ്ജിക്കുകയും ചെയ്യുന്നു. ഈ വിസർജ്യങ്ങളെ ആകർഷിച്ചു എത്തുന്ന കരിംപൂപ്പലുകൾ തെങ്ങോലകളിൽ വ്യാപിക്കുന്നു. തൽഫലമായി തെങ്ങോലകൾ കറുത്ത നിറത്തിൽ കാണുകയും ഇത് പിന്നീട് പ്രകാശസംശ്ലേഷണത്തെ തടയുകയും വിളവിനെ സാരമായി ബാധിക്കുകയും ചെയ്യും.
തെങ്ങിലെ വളപ്രയോഗവും ഒരു പ്രധാന കാരണമാണ്. മണ്ണ് പരിശോധന അടിസ്ഥാനത്തിൽ നിർദ്ദേശിച്ച തോതിൽ മാത്രം വളങ്ങൾ നൽകാൻ ശ്രദ്ധിക്കുക. ഏറ്റവും ഫലപ്രദമായ നിയന്ത്രണ മാർഗമാണ് പ്രകൃതിയിലെ മിത്രകീടങ്ങൾക്ക് വളരാൻ അനുകൂലമായ സാഹചര്യം ഒരുക്കുന്നത്. വെള്ളീച്ചകളുടെ സമാധിഘട്ടത്തെ തിന്നു നശിപ്പിക്കുന്ന മിത്രകീടങ്ങളായ പരാദങ്ങളാണ് എൻകാർസിയ ജനുസിൽപെടുന്നവ. ഈ മിത്രകീടങ്ങൾ ആക്രമിക്കുന്ന സമാധിഘട്ടങ്ങൾ കറുപ്പ് നിറത്തിൽ കാണപ്പെടുന്നു. ഇത്തരത്തിൽ കറുപ്പ് നിറത്തിൽ കാണപ്പെടുന്ന സമാധിഘട്ടങ്ങൾ ശേഖരിച്ച് വെള്ളീച്ചയുടെ ആക്രമണമുള്ള തെങ്ങും തോപ്പുകളിൽ നിക്ഷേപിക്കുന്നത് മിത്രകീടങ്ങളുടെ വ്യാപനത്തിന് വഴിയൊരുക്കുന്നു.
ഓലകളിൽ രൂപപ്പെടുന്ന കരിംപൂപ്പലുകളെ നശിപ്പിക്കുന്നതിനായി നേർപ്പിച്ച കഞ്ഞിവെള്ളം സ്‌പ്രേചെയ്യുന്നത് ഗുണകരമാണ്. കൂടാതെ കരിംപൂപ്പലുകളെ തിന്നുനശിപ്പിക്കുന്ന വണ്ടുകളും പ്രകൃതിയിൽ കാണപ്പെടുന്നവയാണ്. കർഷകർക്ക് ഉപകാരപ്രദമായ ഈ പ്രാണികളെ നിലനിർത്തുന്നതിനും വളർച്ച ത്വരിതപ്പെടുത്തുന്നതിനും രാസകീടനാശിനികളുടെ ഉപയോഗം പാടെ ഒഴിവാക്കണം.
പ്രതിരോധിക്കാം
കീടനാശിനികൾ പൂർണമായും ഒഴിവാക്കി സംരക്ഷണ ജൈവ നിയന്ത്രണ മാർഗം വഴി കീടാക്രമണം കുറയ്ക്കാൻ സാധിക്കും. കീടബാധയേറ്റ തൈകൾ മറ്റൊരു കൃഷി സ്ഥലത്തേക്ക് കൊണ്ടുപോകാതെ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം ധാരാളമായി ലഭിക്കുന്ന പ്രദേശങ്ങളിൽ പശ ചേർത്ത് വളരെ ശക്തിയോടുകൂടി വെള്ളം ഓലകളിൽ സ്‌പ്രേ ചെയ്ത് കൊടുക്കുക വഴി കീടത്തിന്റെ വിവിധ വളർച്ചഘട്ടങ്ങളെ ഓലകളിൽ നിന്ന് നീക്കം ചെയ്യാൻ സാധിക്കും.
മഴ കൂടുതലുള്ള സാഹചര്യങ്ങളിൽ നിയന്ത്രണ മാർഗങ്ങൾ അവലംബിക്കാതെ തന്നെ ഇവയുടെ ആക്രമണം കുറയും.
വെള്ളീച്ചകളുടെ ആക്രമണം രൂക്ഷമായാൽ 0.5 % വേപ്പെണ്ണ അല്ലെങ്കിൽ 5 % വേപ്പിൻകുരു സത്ത് അല്ലെങ്കിൽ വേപ്പെണ്ണ (2%) + വെളുത്തുള്ളി (2%) + അന്നജം (1%) എന്ന മിശ്രിതം ഇവയിലേതെങ്കിലും തെളിഞ്ഞ കാലാവസ്ഥയിൽ തളിച്ച് കൊടുക്കുന്നത് അനുയോജ്യമാണെന്നും അധികൃതർ അറിയിച്ചു.