burkath-nisha

തൃത്താല: പ്രായത്തെ വെല്ലുന്ന കഴിവുകൾ കൊണ്ട് വാഹനങ്ങളോട് അമിതമായ ആകർഷണം പ്രകടിപ്പിച്ചിരുന്ന ബർക്കത്ത് നിഷ പെൺകരുത്തിന്റെ പ്രതീകമാകുകയാണ്. 25 -ാം വയസിൽ ഹസാഡസ് ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കി. കേരളത്തിൽ ഈ ലൈസൻസ് നേടിയ രണ്ടാമത്തെ വനിതയായി മാറിയിരിക്കുകയാണ്. പതിനാലാം വയസിൽ സഹോദരന്റെ മോട്ടോർ സൈക്കിൾ ഓടിച്ചാണ് മോട്ടോർ വാഹന ഡ്രൈവിംഗ് രംഗത്തേക്ക് പ്രവേശിച്ചത്.

പിന്നീട് ഓട്ടോറിക്ഷയും കാറും ബർക്കത്തിന് വഴങ്ങുമെന്നായി.പിന്നീട് ലോറിയുടെയും ബസിന്റേയും വളയങ്ങൾ ബർക്കത്തിന്റെ കൈകളിൽ സുരക്ഷിതമായി. ഇവയുടെ ഹെവി ലൈസൻസും വൈകാതെ സ്വന്തമാക്കി.ഇപ്പോൾ വളരെ അപകടകരമായ വസ്തുക്കൾ കൊണ്ടു പോകുന്ന വാഹനത്തിന്റെ ലൈസൻസും നേടിയിരിക്കുകയാണ് ബർക്കത്ത്. വാഹനമോടിക്കാനുള്ള കമ്പത്തെ ആദ്യമൊക്കെ വീട്ടുകാർ എതിർത്തിരുന്നെങ്കിലും ക്രമേണ ഈ രംഗത്തെ ബർക്കത്തിന്റെ വൈദഗ്ദ്യം തിരിച്ചറിഞ്ഞ ഇവർ പിന്തുണയും പ്രോത്സാഹനവും നൽകുകയായിരുന്നു. ഏത് ഭാരമേറിയ വാഹനത്തിന്റെ നിയന്ത്രണവും തന്റെ കൈകളിൽ ഭദ്രമാക്കാനുള്ള ചങ്കുറപ്പ് തന്നെയാണ് ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിലും തളരാതിരിക്കാൻ ബർക്കത്തിന് മുതൽകൂട്ടായത്.ദാമ്പത്യ ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധിയിൽ വിവാഹബന്ധം വേർപിരിയേണ്ടി വന്ന വെല്ലുവിളിയുണ്ടായിട്ടും അഞ്ച് വയസുള്ള ഐഷനസ്രിന്റെ മാതാവായ ബർക്കത്ത് തളർന്നില്ല.

നാഗലശേരി പഞ്ചായത്തിലെ കിളിവാലൻ കുന്ന് വളപ്പിൽ വീട്ടിൽ പരേതനായ അബ്ദുൾ ഹമീദിന്റേയും ഹഫ്സത്തിന്റേയും നാല് മക്കളിൽ മൂന്നാമത്തെയാളാണ് ബർക്കത്ത് നിഷ.സഹോദരൻ നിഷാദിനൊപ്പമാണ് ബർക്കത്ത് നിഷയും എറണാകുളം ഏജൻസിയിൽ നിന്ന് പരിശീലനം നേടി ലൈസൻസ് സ്വന്തമാക്കിയത്.ഇതിന് മുമ്പ് സംസ്ഥാനത്ത് ആദ്യമായിഈ ലൈസൻസ് സ്വന്തമാക്കിയത് തൃശൂർ കണ്ടശാങ്കടവ്‌ ഡെലീഷഡേവിസ് എന്ന യുവതിയാണ്. പുരുഷന്മാർ മാത്രം കയ്യടക്കി വെച്ചിരുന്ന ഈ മേഖലയിൽ സംസ്ഥാനത്ത് രണ്ടാമതായും ജില്ലയിൽ തന്നെ ഈ ലൈസൻസ് നേടുന്ന ആദ്യത്തെ വനിതയായി ബർക്കത്ത് നിഷ മാറി.