
ശ്രീകൃഷ്ണപുരം: ഒറ്റപ്പാലം അസംബ്ലി നിയോജക മണ്ഡലം ഇനിമുതൽ ഭിന്നശേഷി സൗഹൃദ മണ്ഡലമാകും. പ്രഖ്യാപനം അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിൽ കരിമ്പുഴ കോട്ടപ്പുറം ഹെലൻ കെല്ലർ സ്മാരക അന്ധവിദ്യാലയത്തിൽ നടന്നു. ഭിന്നശേഷിയുള്ള കുട്ടികളുടെയും മുതിർന്നവരുടെയും ശാക്തീകരണം ലക്ഷ്യമാക്കിയുള്ള നിരവധി പദ്ധതികൾ ഒറ്റപ്പാലം മണ്ഡലത്തിൽ നടപ്പിലാക്കുമെന്ന്ചടങ്ങ് ഉദ്ഘാടനം ചെയ്ത് കെ.പ്രേംകുമാർ എം.എൽ.എ പറഞ്ഞു. ഭിന്നശേഷിയുള്ളവർക്കു കൂടി പ്രാപ്യമായ ചുറ്റുപാടുകൾ വികസിച്ചു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലത്തിലെ ബസ് സ്റ്റാൻഡുകൾ ചെറുപട്ടണങ്ങൾ എന്നിവിടങ്ങളിൽ ഭിന്നശേഷിക്കാർക്ക് തടസ്സങ്ങളില്ലാതെ സഞ്ചരിക്കാനും പെരുമാറാനും കഴിയണം. മുകളിലത്തെ നിലകളിൽ പ്രവർത്തിക്കുന്ന സർക്കാർ, സ്വകാര്യ ഓഫീസുകളിൽ ചക്രകസേരകളിൽ സഞ്ചരിക്കുന്ന ഭിന്നശേഷിക്കാർക്ക് എത്തിച്ചേരാൻ റാമ്പുകൾ തയ്യാറാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രചോദന പ്രഭാഷകൻ ഗണേഷ് കൈലാസ് നിയോജക മണ്ഡലം ഭിന്ന ശേഷി സൗഹൃദ മണ്ഡലമായി പ്രഖ്യാപിച്ചു.
കൊമേഴ്സ് ബിരുദത്തിന് പഠിക്കുന്ന കാഴ്ചപരിമിതിയുള്ള വിദ്യാർത്ഥിനിയായ ശിൽപ രവി ചന്ദ്രനെ ആദരിച്ചു. പാലക്കാട് ഗവ.വിക്ടോറിയ കോളേജിൽ രണ്ടാം വർഷ കൊമേഴ്സ് ബിരുദ വിദ്യാർത്ഥിനിയാണ് ശ്രീകൃഷ്ണപുരം കാഞ്ഞിരംപാറ മുറിച്ചിറ വീട്ടിൽ രവിചന്ദ്രൻ വസന്ത ദമ്പതികളുടെ മകളായ ശിൽപ രവിചന്ദ്രൻ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കരിമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ കുന്നത്ത്, ഹെലൻ കെല്ലർ സ്‌കൂൾ പ്രധാനധ്യാപകൻ പി.കെ. രമേശ്, വാർഡ് മെമ്പർ സമീറ സലീം, ഫെഡറേഷൻ ഓഫ് ദി ബ്ലൈന്റ് ജില്ലാ പ്രസിഡന്റ് കെ.എസ്.ഹരികുമാർ, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ഷീല രവികുമാർ തുടങ്ങിയവർ സംസാരിച്ചു.