park

പട്ടാമ്പി: ഭാരതപ്പുഴയുടെ തീര സംരക്ഷണം ലക്ഷ്യമാക്കി പുഴയ്ക്ക് സമീപത്തെ കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ച് പുഴയോരത്ത് നഗരസഭ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ടൗൺ പാർക്കിനെതിരായ നീക്കം ആസൂത്രിതമെന്ന് നഗരസഭാ ചെയർപേഴ്സൺ ഒ. ലക്ഷ്മികുട്ടി, വൈസ് ചെയർമാൻ ടി.പി. ഷാജി എന്നിവർ അറിയിച്ചു.

30 വർഷത്തിന് ശേഷമാണ് ഭാരതപ്പുഴയെ മാലിന്യ മുക്തമാക്കുന്നതിനുള്ള ശ്രമം ഇറിഗേഷൻ വകുപ്പിന്റെ സഹായത്തോടെ നഗരസഭാ ഏറ്റെടുത്തത്. ടൗൺ പാർക്ക് നിർമ്മാണത്തിന്റെ ഭാഗമായി പുഴയുടെ അതിർത്തി പടവ് വ്യക്തമാക്കുന്നതിന് വേണ്ടിയാണ് നമ്പ്രം പഴയ കടവ് മുതൽ ഗുരുവായൂർ ക്ഷേത്രം വരെയുള്ള പുഴയിലെ പടവിനോട് ചേർന്നുള്ള മണ്ണും മറ്റും നീക്കം ചെയ്യുന്ന പ്രവൃത്തി നടത്തിയത്. ഇത് ശാസ്ത്രീയമായി നീക്കം ചെയ്യുകയും സംസ്‌കരിക്കുകയും ചെയ്യുന്ന പ്രവർത്തനമാണ് ചിലർ ബോധപൂർവ്വം തടസ്സപ്പെടുത്തിയത്. തുടർന്ന് നഗരസഭയുടെ പ്ലാന്റിലേക്ക് മാറ്റുന്നതിനുള്ള ശ്രമവും ഇക്കൂട്ടർ തന്നെ തടഞ്ഞു. റവന്യൂ വകുപ്പും മറ്റും പിടിച്ചെടുത്ത ഉപയോഗ ശൂന്യമായ വാഹനങ്ങൾ ഭാരതപ്പുഴയോരത്ത് കൊണ്ടുപോയി നിക്ഷേപിക്കാൻ അനുമതി നൽകിയവർ തന്നെയാണ് ഇപ്പോൾ ഈ സമര നാടകവുമായി രംഗത്ത് വന്നിരിക്കുന്നതെന്നും നഗരസഭാ ചെയർപേഴ്സൺ ഒ. ലക്ഷ്മിക്കുട്ടി, വൈസ് ചെയർമാൻ ടി.പി. ഷാജി, സ്ഥിരം സമിതി അദ്ധ്യക്ഷരായ പി. വിജയകുമാർ, കെ.ടി. റുഖിയ ആസൂത്രണ കോ ഓർഡിനേറ്റർ കെ.പി. അജയൻ എന്നിവർ അറിയിച്ചു.