inogration

പാലക്കാട്: മണ്ണിന്റെ പ്രത്യേകത തിരിച്ചറിഞ്ഞുള്ള ശാസ്ത്രീയമായ കൃഷിരീതിയിൽ കർഷകർ ശ്രദ്ധ ചെലുത്തണമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. മണ്ണ് പര്യവേഷണ, സംരക്ഷണ വകുപ്പ് സംഘടിപ്പിച്ച ലോക മണ്ണ് ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മണ്ണിൽ ശ്രദ്ധിക്കേണ്ട വിഷയങ്ങളെ കുറിച്ച് കൃഷിക്കാരെ ബോധവത്കരിക്കുന്നതിൽ ഉദ്യോഗസ്ഥർ വേണ്ടത്ര ശ്രദ്ധ നൽകണമെന്നും മന്ത്രി പറഞ്ഞു. മണ്ണിൽ എന്താണ് ആവശ്യം എന്നറിഞ്ഞ് പരിചരിക്കണം. ഇത്തരത്തിലുള്ള പരിചരണം വഴിയാണ് ഇസ്രയേൽ കൃഷിയിൽ മികച്ച നേട്ടം കൊയ്തതെന്ന് മന്ത്രി പറഞ്ഞു. കുറച്ചു വെള്ളം ഉപയോഗിച്ച് എങ്ങനെ മണ്ണിനെ പരിപാലിക്കാമെന്നത് പഠനവിധേയമാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മണ്ണിന്റെ ലവണീകരണം കുറയ്ക്കുക, ഉല്പാദനക്ഷമത വർദ്ധിപ്പിക്കുക എന്നതാണ് ഈ വർഷത്തെ ലോക മണ്ണ് ദിനാചരണ സന്ദേശം. പെരുമാട്ടി അയ്യപ്പൻക്കാവ് എ.എസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റ് റീഷാ പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.മുരുഗദാസ്, ജില്ലാ പഞ്ചായത്ത് അംഗം മാധുരി പത്മനാഭൻ, പെരുമാട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കൃഷ്ണകുമാർ, മണ്ണ് പര്യവേഷണ ഓഫീസർ കെ.എസ്.ഹൃദ്യ, ഷീബ രാധാകൃഷ്ണൻ, എസ്.വിനോദ് ബാബു, വി.റീന എന്നിവർ സംസാരിച്ചു. ജില്ലയിലെ മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ താരാ മനോഹരൻ പ്രഭാഷണം നടത്തി. പരിപാടിയിൽ മികച്ച കൃഷിക്കാരെ ആദരിച്ചു. തുടർന്ന് കാർഷിക സെമിനാറും നടന്നു.