 
 ചെറുതേൻ ഗ്രാമം പദ്ധതിക്ക് കരിമ്പയിൽ തുടക്കം
പാലക്കാട്: കരിമ്പ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന കരിമ്പ ചെറുതേൻ ഗ്രാമം പദ്ധതിക്ക് തുടക്കം. ഏറ്റവും മികച്ച ഔഷധ മൂല്യമുള്ള ചെറുതേൻ ഉത്പ്പാദിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ഭൂപ്രകൃതിയും കാലാവസ്ഥയുമാണ് കരിമ്പയിലേത്. വൈവിദ്ധ്യമാർന്ന കാർഷിക വിളകളാൽ സമ്പന്നമായ ഈ മലയോര മേഖലയിൽ വിളകളുടെ ഉൽപാദന വർദ്ധനവിനും ഇത് ഏറെ സഹായകരമാണ്.
പുരയിടങ്ങളെ സുസ്ഥിരവും സുരക്ഷിതവുമായ ഭക്ഷ്യോത്പാദന കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യം മുൻനിറുത്തി ഈ വർഷം 50 വനിതകൾക്ക് രണ്ടു ചെറുതേനീച്ച കോളനികൾ വീതമാണ് പദ്ധതിയുടെ ഭാഗമായി സൗജന്യ നിരക്കിൽ വിതരണം ചെയ്യുന്നത്. ഗുണഭോക്താക്കളെ ഉൾപ്പെടുത്തി ചെറുതേനീച്ച കർഷകരുടെ ശക്തമായ ഒരു കൂട്ടായ്മ രൂപപ്പെടുത്താനും വിശ്വസനീയമായ രീതിയിൽ ശുദ്ധമായ ചെറുതേൻ ഉത്പാദിപ്പിച്ച് ആവശ്യക്കാർക്ക് ഇക്കോ ഷോപ്പ് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കാനുമാണ് തേൻ ഗ്രാമം പദ്ധതി.
വിപണിയിൽ വൻ തേനിനേക്കാൾ വില കൂടുതലും വലിയ ഔഷധ ഗുണങ്ങളുമുള്ള ഒന്നാണ് ചെറുതേൻ.
കരിമ്പ ഗ്രാമ പഞ്ചായത്ത് മുൻ ക്ഷേമകാര്യ വികസന സമിതി ചെയർമാൻ ജിമ്മി മാത്യു ഉദ്ഘാടനം ചെയ്തു. ശാസ്ത്രീയ ചെറു തേനീച്ച വളർത്തൽഎന്ന വിഷയത്തിൽ ജിജിമോൻ ക്ലാസെടുത്തു. കരിമ്പ ഇക്കോഷോപ്പ് സെക്രട്ടറി സിജു കുര്യൻ, ഭാരതീയ പ്രകൃതി കൃഷി പദ്ധതി മാതൃക കർഷകൻ റോയിച്ചൻ വാലിക്കോട്, കരിമ്പ ആഴ്ച്ച ചന്ത സെക്രട്ടറി പ്രിൻസി തുടങ്ങിയവർ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് മഹേഷ് വി.എസ്.സ്വാഗതവും ഹേമ നന്ദിയും പറഞ്ഞു.