 
പട്ടാമ്പി: തുടർച്ചയായി നാല് വർഷം 28 കേരള എൻ.സി.സി ബറ്റാലിയനിലെ ഏറ്റവും മികച്ച സീനിയർവിംഗ് വനിതാ കേഡറ്റിനുള്ള അവാർഡ് പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിലെ എൻ.സി.സി കേഡറ്റുകൾക്ക്. സീനിയർ അണ്ടർ ഓഫീസറായ എം.പി.ശ്രുതിയാണ് ഇത്തവണ അവാർഡ് നേടിയത്. കഴിഞ്ഞ വർഷം ഈ കോളേജിലെ സി.ഐശ്വര്യയും 2019ൽ എം.കെ.ആര്യയും 2018ൽ വി.ശിശിരയും ജേതാക്കളായിരുന്നു. കഴിഞ്ഞ വർഷം ഡൽഹിയിൽ നടന്ന റിപ്പബ്ളിക് ദിന പരേഡിൽ 28 കേരള ഒറ്റപ്പാലം ബറ്റാലിയനിൽ നിന്നും പങ്കെടുത്ത ഏക കേഡറ്റാണ് ശ്രുതി. ദേശീയ ക്യാമ്പുകളിലെ പങ്കാളിത്തം എൻ.സി.സി പ്രവർത്തങ്ങളിലെ സജീവത, മികച്ച അച്ചടക്കം, അക്കാഡമിക നിലവാരം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് ബെസ്റ്റ് കേഡറ്റിനെ തിരഞ്ഞെടുക്കുന്നത്. ഈ വർഷത്തെ മികച്ച കേഡറ്റുകൾക്കുള്ള മുഖ്യമന്ത്രിയുടെ സ്‌കോളർഷിപ്പും ഈ മിടുക്കി നേടിയിരുന്നു. മൂന്നാം വർഷ ബി.ബി.എ ബിരുദ വിദ്യാർത്ഥിനിയായ ശ്രുതി പൂവ്വക്കോട് മണ്ണുംപള്ളിയാലിൽ സുരേന്ദ്രൻ- രജനി ദമ്പതികളുടെ മകളാണ്. ബറ്റാലിയനു കീഴിലെ മികച്ച കേഡറ്റുകൾക്ക്, എക്സ് എൻ.സി.സി ഓഫീസേഴ്സ് ആൻഡ് റിട്ട. സിവിൽ സ്റ്റാഫ് അസോസിയേഷൻ നൽകുന്ന അവാർഡ് കോളേജിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു. ഭാരവാഹികളായ സി.എൻ.ഭവദാസനുണ്ണി, വി.ഗോവിന്ദദാസ്, വി.ബാലകൃഷ്ണൻ, എ.ഉണ്ണികൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അവാർഡ് ജേതാവിനെ പ്രിൻസിപ്പൽ ഡോ. സുനിൽ ജോൺ, എൻ.സി.സി ഓഫീസർ ക്യാപ്റ്റൻ ഡോ. പി.അബ്ദു എന്നിവർ അനുമോദിച്ചു.