muthalamada-mango-

രാജ്യത്തെ മാമ്പഴ മധുരത്തിന്റെ വഴിയിൽ മാറ്റിവയ്ക്കാനാവാത്ത പേരാണ് മുതലമട എന്ന മാംഗോ സിറ്റിയുടേത്. മൂടിക്കെട്ടിയ അന്തരീക്ഷം, കനത്ത മഞ്ഞ്, ന്യൂനമർദ്ദം മൂലമുള്ള മഴ എന്നിവ ഇത്തവണ ഇല്ലാത്തതിനാൽ നല്ല വിളവ് ലഭിക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ. ഒക്ടോബർ അവസാനം മുതൽ പൂവിട്ടു തുടങ്ങുന്ന മാവുകൾ ഒരുമാസം വൈകി ഡിസംബർ ആദ്യമാണു പൂവിട്ടത്. കാലാവസ്ഥ വ്യതിയാനമാണ് കാരണം. ഇപ്പോഴത്തെ തെളിഞ്ഞ കാലാവസ്ഥ തുടർന്നാൽ ഫെബ്രുവരി അവസാനത്തോടെ മുതലമടയിലെ മാമ്പഴക്കാലത്തിനു തുടക്കമാകും.

ഇടവിട്ടു ചില ദിവസങ്ങളിൽ പെയ്യുന്ന മഴ പൂ കൊഴിയുന്നതിന് ഇടയാക്കുമോയെന്ന ആശങ്കയുണ്ട് കർഷകർക്ക്. മാമ്പൂ 100 -120 ദിവസങ്ങൾ കൊണ്ടാണു മൂപ്പെത്തി മാങ്ങയാവുക. ഫെബ്രുവരി അവസാനവും മാർച്ച് ആദ്യവുമായി മാങ്ങ കയറ്റുമതി ആരംഭിക്കാൻ കഴിയും. കാലാവസ്ഥ വ്യതിയാനത്തെ തുടർന്നു മുൻവർഷങ്ങളിൽ മുതലമടയിലെ മാവു കൃഷിയെ പ്രതികൂലമായി ബാധിച്ച കീടബാധ ആശങ്ക ഇപ്പോഴുമുണ്ട്. ഇലപ്പേൻ, പട്ടാളപ്പുഴു എന്നിവയാണു പ്രധാനമായും വിളനാശമുണ്ടാക്കിയത്. പാലക്കാട് ചുരത്തിലെ കാലാവസ്ഥയുടെ പ്രത്യേകത കൊണ്ടു രാജ്യത്ത് ആദ്യം പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന മുതലമട മാമ്പഴത്തിനു കൊൽക്കത്ത, ഇൻഡോർ, ഡൽഹി, അഹമ്മദാബാദ്, മുംബൈ വിപണിയിൽ മികച്ച വില ലഭിക്കും. ഗൾഫ്, യൂറോപ്യൻ വിപണികളിലും ആവശ്യക്കാർ ഏറെയുണ്ട്. തുടർ നഷ്ടങ്ങളുണ്ടായ മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി ഇത്തവണ വലിയ വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണു മാവുകർഷകരും വ്യാപാരികളും.

രാജ്യത്ത് ആദ്യം കായ്ക്കുകയും വിപണിയിലെത്തുകയും ചെയ്യുന്ന മാമ്പഴം മുതലമടയിൽ നിന്നുള്ളതാണ്. രാജ്യത്തെ മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒക്ടോബർ അവസാനം പൂവിടുകയും ഡിസംബർ അവസാനമോ ജനുവരി ആദ്യമോ വിളവെടുപ്പ് ആരംഭിക്കുകയും ചെയ്യുന്നതിനാൽ രാജ്യത്തിനകത്തെയും പുറത്തെയും വിപണികളിൽ നല്ല വില ലഭിക്കാറുണ്ട്. ആദ്യം വിളവെടുക്കുന്ന ഭൂരിഭാഗവും കയറ്റുമതി ചെയ്യുകയാണു പതിവ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും മാങ്ങ വരവു തുടങ്ങുന്ന ഏപ്രിൽ പകുതിയാകുമ്പോഴേക്കും ഇവിടത്തെ സീസൺ അവസാനിക്കും.

മാമ്പഴപ്പെരുമയിൽ

അൽഫോൻസാ മുന്നിൽ

മുതലമടയുടെ മാമ്പഴപ്പെരുമയിൽ അൽഫോൻസാ മാമ്പഴമാണു മുന്നിൽ. ഏറ്റവും കൂടുതൽ കൃഷിയും നാട്ടുകാർ ആപ്പൂസ് എന്നു വിളിക്കുന്ന അൽഫോൻസായാണ്. ദോത്താപുരി (കിളിമൂക്ക്), ശെന്തൂരം, ബങ്കനപ്പള്ളി, ഹിമാപ്പശന്ത്, മല്ലിക, കാലാപ്പാടി, സുവർണരേഖ, ചക്കരക്കട്ടി, നീലം, മൽഗോവ, നടശാല, ഗുദാദത്ത്, ചന്ദ്രക്കാരൻ, പ്രിയോർ, റുമാനിയ എന്നിവയെല്ലാം ഇവിടെയുണ്ട്. രാജ്യാന്തര വിപണിയിൽ പെറു, വെനസ്വേല എന്നീ രാജ്യങ്ങളിൽ നിന്നുള്ള മാങ്ങയോടാണു മത്സരം. യൂറോപ്യൻ രാജ്യങ്ങളിൽ പ്രിയം അൽഫോൻസയ്ക്കാണ്. ബങ്കനപ്പള്ളിക്കും ആവശ്യക്കാരേറെയുണ്ട്. ദുബായ്, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ ആവശ്യക്കാർ കൂടുതൽ‌ ബങ്കനപ്പള്ളിക്കാണ്. ശെന്തൂരം, ദോത്താപുരി (കിളിച്ചുണ്ടൻ) എന്നിവയും പ്രിയപ്പെട്ടതാണ്. കാലാപാടി, ഹിമാപസന്ത് എന്നിവയ്ക്കു ഗൾഫ് മേഖലയിൽ ആവശ്യക്കാരുണ്ട്.

മാംഗോ പാർക്ക്

എന്ന് യാഥാർത്ഥ്യമാകും?​

മുതലമട കേന്ദ്രീകരിച്ച് മാങ്ങയുടെ പ്രാഥമിക പ്രോസസിംഗ്, പാക്കിംഗ് സൗകര്യങ്ങൾക്കും കയറ്റുമതിക്കുമായി ആരംഭിക്കുന്ന മാംഗോ പാർക്കിനായി ഇനിയുമെത്രനാൾ കാത്തിരിക്കണം. മുതലമട മാങ്ങകളുടെ പ്രോസസിംഗ്, വേർതിരിക്കൽ, ഗ്രേഡിംഗ്, റൈപ്പനിംഗ്, പാക്കിംഗ് എന്നിവയ്ക്കായ് പ്രത്യേകം സജ്ജീകരണങ്ങൾ തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നത്. 500 കോടി രൂപയുടെ പദ്ധതിയാണ് സർക്കാർ ഫയലിൽ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്നത്. 3500 മുതൽ 4000 ഹെക്ടർ വരെ വിസ്തൃതിയുള്ളതാണ് മുതലമട മാംഗോ ഗാർഡൻ. മാംഗോ പാർക്കിനായി 20 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുള്ളത്.

കൊവിഡ് പ്രതിസന്ധിയും ഗതാഗത സൗകര്യങ്ങളുടെ അഭാവവും കാരണം കഴിഞ്ഞ സീസണിൽ 200 കോടിയിലേറെ രൂപയുടെ നഷ്ടം നേരിട്ട മാങ്ങ കർഷകർക്ക് ഇനിയൊരു സീസൺ കൂടി നഷ്ടമാകുന്നത് ആലോചിക്കാൻ കഴിയില്ല. അതിനാൽ വി.എഫ്.പി.സി.കെ മാങ്ങ സംഭരിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം ബന്ധപ്പെട്ട ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അനുകൂല തീരുമാനത്തിനായി കാത്തിരിക്കുകയാണ് കർഷകർ. ആദ്യ വിളവെടുക്കുന്ന മാങ്ങ മുതലമടയിൽ ആയതിനാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് പ്രധാന വിപണന കേന്ദ്രം. പാലക്കാട് ജംഗ്ഷനിൽ നിന്നാണ് പാഴ്സൽ സർവീസുള്ളത്. ബ്രോഡ്‌ഗേജ് ലൈൻ വന്നതോടെ മുതലമടയിൽ പാർസൽ സൗകര്യം ഏർപ്പെടുത്തിയാൽ കയറ്റുമതിക്കത് ഏറെ പ്രയോജനപ്പെടും.

ജൈവകൃഷി പ്രോത്സാഹിപ്പിച്ച്

കൃഷിവകുപ്പ്

കാലാവസ്ഥ വ്യതിയാനം കഴിഞ്ഞ രണ്ടുവർഷത്തിൽ മാങ്ങ പൂക്കുന്നതിനെ സാരമായി ബാധിച്ചിട്ടുള്ളതായി കേരള കാർഷിക സർവകലാശാല നടത്തിയ പഠനത്തിന്റെ കണ്ടെത്തൽ. മഴ അധികമായതിനാൽ കഴിഞ്ഞ രണ്ടുവർഷവും മാവ് പൂവിടുന്നതിന് കാലതാമസം ഉണ്ടായി. പലഘട്ടങ്ങളിലായാണ് മാവുകൾ പൂവിട്ടത്. മാത്രമല്ല കീടനാശിനികളുടെ അമിതമായ പ്രയോഗം കീടങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതിനും പുതിയ ശത്രുകീടങ്ങൾ പെരുകുന്നതിനും ഇടയാക്കിയിട്ടുണ്ട്. ഘട്ടംഘട്ടമായി മുഴുവൻ പ്രദേശവും ജൈവകൃഷിയിലേക്ക് ക്ലസ്റ്റർ അടിസ്ഥാനത്തിൽ കൊണ്ടുവരുവാനാണ് കൃഷിവകുപ്പിന്റെ ആലോചന.

പരമ്പരാഗത കൃഷിവികാസ് യോജന പദ്ധതി പ്രകാരം 18 ക്ലസ്റ്ററുകൾ ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുണ്ട്. 50 ഏക്കർ അടങ്ങുന്നതാണ് ഒരു ക്ലസ്റ്റർ. രണ്ടു വർഷത്തിനുള്ളിൽ 60 ക്ലസ്റ്ററുകൾ രൂപീകരിക്കാനാണ് തീരുമാനം. ജൈവ ഉത്പാദന ഉപാധികളുടെ വിതരണം, ജൈവ കീടനാശിനികൾ, ജൈവകുമിൾ നാശിനികൾ, ജൈവ വളപ്രയോഗം, ശാസ്ത്രീയ വളപ്രയോഗം, സൂക്ഷ്മജലസേചനം, ചെലവു കുറഞ്ഞ പ്രോസസിംഗ് യൂണിറ്റുകൾ എന്നിവയാണ് പദ്ധതി ഘടകങ്ങൾ. പി.എം.കെ.എസ്‌.വൈ, എം.ഐ.ഡി.എച്ച്, ആർ.കെ.വി.വൈ തുടങ്ങി ഏഴ് കോടി രൂപയുടെ വികസന പദ്ധതികളാണ് മാംഗോ കർഷകർക്കായി വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടുകൂടി വാണിജ്യപ്രാധാന്യമുള്ള മുതലമട മാങ്ങകൾ വിപണിയിൽ കൂടുതൽ ശ്രദ്ധേയമാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.