hospital

പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് നിയന്ത്രിക്കാൻ പുതിയ പദ്ധതികളെക്കുറിച്ച് സർക്കാർ ആലോചിക്കുമ്പോൾ 192 ഊരുകളിലെ 32,000ത്തിലധികം പേരുടെ ഏക ആശ്രയമായ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സാ സൗകര്യം മെച്ചപ്പെടുത്താൻ യാതൊരു നടപടികളുമില്ല. നൂറ് കിടക്കകളുടെ സൗകര്യത്തിലേക്ക് ഉയർത്തിയെങ്കിലും 54 കിടക്കകൾക്ക് ആനുപാതികമായ ഡോക്ടർമാരും മറ്റ് ജീവനക്കാരും മാത്രമാണുള്ളത്. ഒരു ദിവസം 700 പേരാണ് ഒ.പിയിലെത്തുന്നത്. ഇവിടെ ചികിത്സയ്ക്ക് എത്തിയാൽ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്ത് വിടുകയാണ്. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി നിയമിച്ച ജീവനക്കാർക്ക് കഴിഞ്ഞ നാല് മാസമായി ശമ്പളമില്ല.

അഗളി,​ ഷോളയൂർ,​ പുതൂർ പഞ്ചായത്തുകളിലെ രോഗികൾ ആദ്യം ചികിത്സതേടി എത്തുന്നത് ഇവിടേക്കാണ്. ഡോക്ടർമാരുടെ കുറവുമൂലം പലപ്പോഴും വിദഗ്ദ്ധ ചികിത്സ ലഭിക്കാറില്ല. സ്‌കാനിംഗ് മെഷീനുണ്ടെങ്കിലും പ്രവർത്തിപ്പിക്കാൻ ജീവനക്കാരില്ല. ഈ ആശുപത്രി കൂടാതെ രണ്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളും ഒരു സാമൂഹ്യാരോഗ്യ കേന്ദ്രവുമാണ് അട്ടപ്പാടിയിലുള്ളത്.

മാതൃ-ശിശു വാർഡ് പ്രവർത്തന സജ്ജമാക്കാൻ എൻ.എച്ച്.എമ്മിൽ നിന്ന് ലഭിച്ച 32 ലക്ഷം രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അട്ടപ്പാടി ട്രൈബൽ ഹെൽത്ത് നോഡൽ ഓഫീസർ ഡോ. പ്രഭുദാസ് മാർച്ചിലും സെപ്തംബറിലുമായി രണ്ട് തവണ ആരോഗ്യവകുപ്പിന് കത്ത് നൽകിയെങ്കിലും പ്രതികരണമുണ്ടായില്ല.

അടിയന്തരമായി ചെയ്യേണ്ടത്

 ജനറൽ മെഡിസിൻ, പീഡിയാട്രിക്, ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ സീനിയർ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണം

 കാർഡിയോളജിയിൽ ഉൾപ്പെടെ സ്പെഷ്യൽ ഒ.പി സൗകര്യം കാര്യക്ഷമമാക്കണം

 സ്കാനിംഗ് സൗകര്യം ഉറപ്പാക്കണം, റേഡിയോളജിസ്റ്റ് തസ്തികയിൽ നിയമനം നടത്തണം

 തൂക്കക്കുറവുള്ള അമ്മമാരുടെ പരിചരണത്തിനായി പ്രത്യേകവിഭാഗത്തെ തയ്യാറാക്കണം

'കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അട്ടപ്പാടിയിൽ മരിച്ച കുഞ്ഞുങ്ങളുടെ കണക്കുകൾ പരിശോധിച്ചാൽ പല ജീവനുകളും പൊലിഞ്ഞത് കോട്ടത്തറയിൽ നിന്ന് മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്തശേഷമുള്ള യാത്രക്കിടെയാണ്. ചുരമിറങ്ങി അടുത്ത ആശുപത്രി പിടിക്കുമ്പോഴേക്കും രോഗികളുടെ നില വഷളാകും. സീനിയർ ഡോക്ടർമാരുടെ ഒഴിവ് നികത്താതെ മതിയായ ചികിത്സ നൽകാനാകില്ല.

-ആർ. പ്രഭുദാസ്,

അട്ടപ്പാടി ട്രൈബൽ ഹെൽത്ത് നോഡൽ ഓഫീസർ