paddy
ചെർപ്പുളശ്ശേരി കോട്ടക്കുന്ന് ചോലക്കൽ മേഖലയിലെ നെൽകൃഷി കാട്ടുപന്നികൾ നശിപ്പിച്ച നിലയിൽ.

ചെർപ്പുളശ്ശേരി: കാട്ടുപന്നി ശല്യത്തിൽ ദുരിതത്തിലായി കോട്ടക്കുന്ന് ചോലക്കൽ പാടശേഖരത്തിലെ കർഷകർ. കഴിഞ്ഞ ദിവസം പാടത്തിറങ്ങിയ കാട്ടുപന്നികൾ ആറ് ഏക്കറോളം സ്ഥലത്തെ നെൽക്കൃഷി നശിപ്പിച്ചു.

പ്ലാക്കൊട്ടിൽ ചാമി, കുന്നത്ത് അയ്യപ്പൻകുട്ടി, ചോലക്കൽ ദാസൻ, മണികണ്ഠൻ കോട്ടചാലിൽ എന്നിവരുടെ വിളവെടുപ്പിന് പാകമാവാറായ നെൽക്കൃഷിയാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. വായ്പ എടുത്തും ഭൂമി പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്നവരും ഈ കൂട്ടത്തിലുണ്ട്.

രാത്രികാലങ്ങളിൽ കൂട്ടമായി എത്തിയാണ് കാട്ടുപന്നികൾ കൃഷി ചവിട്ടിമെതിച്ച് നശിപ്പിക്കുന്നതെന്ന് കർഷകർ പറഞ്ഞു. പല പൊടിവിദ്യകളും പന്നികളെ തടയാൻ പരീക്ഷിച്ചെങ്കിലും ഫലം ഉണ്ടായില്ല. വർഷങ്ങളായി പന്നിശല്യം ഉണ്ടെങ്കിലും ഇപ്പോൾ രൂക്ഷമാണ്. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനുള്ള ഉത്തരവുണ്ടെങ്കിലും സാങ്കേതിക തടസങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥർ കൈയ്യൊഴിഞ്ഞതായും കർഷകർ കുറ്റപ്പെടുത്തി. നിരവധി തവണ പരാതികൾ നൽകിയെങ്കിലും പരിഹാര മാർഗങ്ങളോ നഷ്ടപരിഹാരമോ ലഭിച്ചിട്ടില്ലെന്നും അവർ പറ‌ഞ്ഞു.

വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്ന് കർഷക സംഘം ഏരിയാ കമ്മിറ്റി അംഗം കെ.ടി. സത്യൻ, കെ. ഗംഗാധരൻ എന്നിവർ ആവശ്യപ്പെട്ടു.