vaccine
ശ്രീകൃഷ്ണപുരം പഞ്ചായത്ത് സമ്പൂർണ വാക്സിനേഷൻ പ്രഖ്യാപനം പ്രസിഡന്റ് സി. രാജിക നിർവഹിക്കുന്നു

ശ്രീകൃഷ്ണപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ശ്രീകൃഷ്ണപുരം പഞ്ചായത്ത് സമ്പൂർണ വാക്സിനേഷൻ പൂർത്തീകരിച്ചതായി പ്രഖ്യാപിച്ചു. മണ്ണമ്പറ്റ ആരോഗ്യ ഉപകേന്ദ്രത്തിൽ നടന്ന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.രാജിക സമ്പൂർണ വാക്സിനേഷൻ പ്രഖ്യാപനം നടത്തി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.സുമതി അദ്ധ്യക്ഷത വഹിച്ചു. ജനസംഖ്യയിൽ 25,025 പേരുള്ള ഗ്രാമപഞ്ചായത്തിൽ 18 വയസിന് മുകളിൽ പ്രായമുള്ള18276 പേരാണുള്ളത്. ഇവരിൽ 17353 പേർക്കും രണ്ട് ഡോസ് വാക്സിൻ നൽകി കഴിഞ്ഞു. കൊവിഡ് പോസിറ്റീവായി 90 ദിവസം പൂർത്തിയാകാത്തവരും അലർജി പോലുള്ള വിവിധ അസുഖമുള്ളവരുമായ 923 പേർ മാത്രമാണ് ഇനി വാക്സിൻ സ്വീകരിക്കാനുള്ളത്. ആഴ്ചയിൽ 3 ദിവസം വീതം കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്സിൻ നൽകിയും പഞ്ചായത്ത് കല്യാണമണ്ഡപം, വലമ്പിലി മംഗലം സ്‌കൂൾ, പുന്നാംപറമ്പ് ക്ഷേത്ര കല്യാണമണ്ഡപം, മണ്ണമ്പറ്റ ആരോഗ്യ ഉപകേന്ദ്രം എന്നിവിടങ്ങളിൽ മെഗാ ക്യാമ്പുകൾ സംഘടിപ്പിച്ചുമാണ് പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്.

പഞ്ചായത്ത് അംഗങ്ങളായ സി.ഹരിദാസൻ, കെ.കെ.ലിനി, മെഡിക്കൽ ഓഫീസർ ഡോ.ധന്യ എസ്.പി, ഡോ. വിവേക് വിജയകുമാർ, ജയശ്രീ.കെ.സി എന്നിവർ സംസാരിച്ചു.