palakuzhi
പാലക്കുഴി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള അണക്കെട്ട് നിർമ്മാണം നിലച്ച നിലയിൽ.

വടക്കഞ്ചേരി: ആറു മാസത്തിലേറെ മുടങ്ങിക്കിടന്ന ശേഷം നിർമ്മാണം പുന:രാരംഭിച്ച പാലക്കുഴി ജലവൈദ്യുത പദ്ധതിയുടെ പ്രവൃത്തികൾ വീണ്ടും നിലച്ചു. പാലക്കുഴി തിണ്ടില്ലം വെള്ളച്ചാട്ടത്തിനു മുകളിൽ പുഴയ്ക്കു കുറുകെ അണക്കെട്ടിന്റെ നിർമ്മാണമാണ് നിലവിൽ നടന്നുകൊണ്ടിരുന്നത്. തുടർച്ചയായ മഴയും കൂലിപോരെന്ന കാരണത്താൽ തൊഴിലാളികൾ പണി നിറുത്തിപ്പോയതുമാണ് പണികൾ നിലയ്ക്കാൻ ഇടയാക്കിയത്. ഇതിനു പുറമെ കരാറുകാരൻ സാമ്പത്തിക പ്രതിസന്ധിയിലായതും കാരണമായി.

വിജയകരമായി നടപ്പാക്കിയ ജില്ലാ പഞ്ചായത്തിന്റെ ആദ്യ ജലവൈദ്യുത പദ്ധതിയായ മീൻവല്ലത്തിനു പിന്നാലെ 2017ലാണ് പാലക്കുഴി പദ്ധതിയുടെ നിർമ്മാണം തുടങ്ങിയത്. 13 കോടി രൂപയുടെ പദ്ധതി 2019ൽ പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. പാലക്കുഴി തിണ്ടില്ലം വെള്ളച്ചാട്ടത്തിനു കുറുകെ അണകെട്ടി രണ്ട് പെൻസ്റ്റോക്കിലൂടെ ഉയർന്ന മർദ്ദത്തിൽ താഴെയുള്ള നിലയത്തിലേക്ക് ഒഴുക്കി ടർബൈനുകൾ പ്രവർത്തിപ്പിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുക. പ്രതിവർഷം 3.78 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നാണ് കണക്ക്. കൊന്നയ്ക്കൽ കടവിൽ നിർമ്മിക്കുന്ന വൈദ്യുത നിലയത്തിന്റെ ജോലികളും നിലവിൽ തുടങ്ങിയിട്ടില്ല.

കരാറുകാരൻ പുതിയ തൊഴിലാളികളെ കൊണ്ടുവരാമെന്ന് ഏറ്റിട്ടുണ്ട്. അടുത്തയാഴ്ചയോടെ ഇവരെത്തി അണക്കെട്ടിന്റെ ജോലികൾ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. വൈദ്യുതനിലയ നിർമ്മാണത്തിന്റെ കരാർ നടപടികൾ പൂർത്തിയായിട്ടുണ്ട്. അതിന്റെ പണികളും അധികം വൈകാതെതന്നെ പുനരാരംഭിക്കും.

- ഇ.സി. പത്മരാജൻ, പദ്ധതി ചീഫ് എൻജിനിയർ.

പാലക്കുഴി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള അണക്കെട്ട് നിർമ്മാണം നിലച്ച നിലയിൽ.