 
ജില്ലയിൽ ഇതുവരെ ലഭിച്ച അപേക്ഷകൾ- 220
പാലക്കാട്: റേഷൻ കാർഡിലെ പിശകുകൾ തിരുത്താനും പുതിയ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനുമായുള്ള തെളിമ പദ്ധതി ജില്ലയിൽ പുരോഗമിക്കുന്നു. നവംബർ 15നാണ് പദ്ധതിയ്ക്ക് തുടക്കമായത്. 2017ലെ റേഷൻ കാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് റേഷൻ കാർഡ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ വന്ന പിശകുകൾ തിരുത്തുന്നതിനായാണ് തെളിമ പദ്ധതി നടപ്പാക്കുന്നത്. അംഗങ്ങളുടെ പേര്, വയസ്, മേൽവിലാസം, കാർഡ് ഉടമയുമായുള്ള ബന്ധം തുടങ്ങിയവയിലെ പിശകുകൾ, എൽ.പി.ജി, വൈദ്യുതി എന്നിവയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ, ഏറ്റവും പുതിയ വിവരങ്ങളുടെ ഉൾപ്പെടുത്തൽ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി അനുവദിക്കും. ജില്ലയിൽ ഇതുവരെ 220 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ അപേക്ഷ ലഭിച്ചിട്ടുള്ള പാലക്കാട് താലൂക്കിലാണ്, 150 എണ്ണം.
15വരെ അപേക്ഷ നൽകാം
റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും ആധാർ നമ്പർ ലിങ്ക് ചെയ്യുന്നതിനുമായി തെളിമ പദ്ധതിയിൽ ഡിസംബർ 15 വരെ അപേക്ഷിക്കാം. തിരുത്തലിനുള്ള അപേക്ഷകൾ റേഷൻ കടകൾക്ക് മുന്നിൽ സ്ഥാപിച്ചിട്ടുള്ള തെളിമ ബോക്സുകളിൽ ഇടാം. കാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് ഡാറ്റാ എൻട്രിയിൽ ഉണ്ടായ തെറ്റുകൾ തിരുത്താൻ പദ്ധതിയിലൂടെ സാധിക്കും. റേഷൻ ഡിപ്പോയിൽ നിന്ന് ലഭിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം, അളവ് തടങ്ങിയ വിവരങ്ങളും ലൈസൻസി, സെയിൽസ് മാൻ എന്നിവരുടെ പെരുമാറ്റം സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും പൊതുജനങ്ങൾക്ക് തെളിമ പദ്ധതി വഴി അറിയിക്കാം. എന്നാൽ റേഷൻ കാർഡ് തരംമാറ്റൽ, കാർഡിൽ രേഖപ്പെടുത്തിയിട്ടുളള വരുമാനം, വീടിന്റെ വിസ്തീർണം, വാഹനങ്ങളുടെ വിവരം എന്നിവയിൽ മാറ്റം വരുത്താനുള്ള അപേക്ഷകൾ പദ്ധതിയുടെ ഭാഗമായി സ്വീകരിക്കില്ല. അക്ഷയ കേന്ദ്രങ്ങൾ മുഖേനയും പൊതുവിതരണ വകുപ്പിന്റെ വെബ്‌സൈറ്റായ https://ecitizen.civilsupplieskerala.gov.in/ വഴിയും കാർഡ് പുതുക്കാനുള്ള അപേക്ഷകൾ സമർപ്പിക്കാം.
ഇന്നലെ വരെ ജില്ലയിൽ ലഭിച്ച അപേക്ഷകൾ (താലൂക്ക് തിരിച്ച്)
1.പാലക്കാട്- 150
2.ചിറ്റൂർ- 15
3.ഒറ്റപ്പാലം- 15
4.മണ്ണാർക്കാട്- 15
5.ആലത്തൂർ- 15
6.പട്ടാമ്പി- 10