sale
വേ​ല​ന്താ​വ​ളം​ ​പ​ച്ച​ക്ക​റി​ ​മാ​ർ​ക്ക​റ്റി​ൽ​ ​വി​ൽ​പ​ന​യ്ക്കാ​യി​ ​എ​ത്തി​ച്ച​ ​ത​ക്കാ​ളി.

ചിറ്റൂർ: തക്കാളിക്ക് തീ വില തുടരുന്നു. വേലന്താവളം പച്ചക്കറി മാർക്കറ്റിൽ ഒരുപെട്ടി (14 കിലോ) തക്കാളി 900 മുതൽ 1100 വരെയാണ് കഴിഞ്ഞ ദിവസത്തെ മൊത്ത വില. ആഴ്ചകളായി വിലയിൽ വലിയ വ്യത്യാസമില്ലാതെ തന്നെ തുടരുകയാണ്. തമിഴ്നാട്ടിലെ കോയമ്പത്തൂർ, നാച്ചിപാളയം തുടങ്ങിയ പച്ചക്കറി മൊത്തവിപണികളിൽ ഒരുപെട്ടിക്ക് 1750 മുതൽ 2100 വരെയെത്തി. മൊത്തവിപണിയിൽ നിന്ന് ജനങ്ങളിൽ എത്തുമ്പോൾ ഒരു കിലോഗ്രാമിന് വില 150 മുതൽ 200 വരെയാകും. ചില സ്ഥലങ്ങളിൽ അതിലും കൂടുതൽ തുക നൽകേണ്ടി വരുന്നുണ്ടെന്നാണ് ജനങ്ങൾ പറയുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള തക്കാളി വരവും കാലവർഷ വ്യതിയാനം മൂലം കേരളത്തിലെ ഉല്പാദന കുറവുമാണ് വില വർദ്ധനവിന്റെ മുഖ്യകാരണം.

തക്കാളി കൃഷി വ്യാപകം തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ

സംസ്ഥാനത്ത് തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിലാണ് തക്കാളി വ്യാപകമായി കൃഷി ചെയ്തുവരുന്നത്. പ്രത്യേകിച്ച് വടകരപ്പതി പഞ്ചായത്തിൽ ഒഴലപ്പതി, ആട്ടയാമ്പതി, കിണർപ്പള്ളം, കെരാമ്പാറ, അനുപ്പൂർ എന്നിവിടങ്ങളിൽ ഭൂരിഭാഗവും തക്കാളി കൃഷിയാണ്. അവശേഷിക്കുന്ന സ്ഥലങ്ങളിൽ വിവിധ പച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്. ഇത്തവണ മഴ കൂടുതലായതോടെ തക്കാളി ഉൾപ്പെടെയുള്ള പച്ചക്കറി കൃഷി ചെയ്തവ മുഴുവൻ നശിച്ചു. പിന്നീട് വിളവ് ഇറക്കാൻ കഴിയാതെയുമായി. ഇത് ഉല്പാദനം കുറയുകയും വില വർദ്ധനക്ക് ഇടയാക്കുകയും ചെയ്തു. തമിഴ്നാട്ടിലെ നാച്ചിപാളയം, ചൊക്കനൂർ, വഴുക്കപ്പാറ, കാളിയാപുരം പ്രദേശങ്ങളിൽ നിന്നും കഴിഞ്ഞ കാലങ്ങളിൽ നിത്യേന 100 മുതൽ 150 ടൺവരെ തക്കാളി വേലന്താവളം മൊത്തവിപണിയിൽ എത്തിയിരുന്നു. ഇവിടെ നിന്നാണ് കേരളത്തിലെ മിക്ക ജില്ലകളിലേക്കും തക്കാളി ഉൾപ്പെടെയുള്ള പച്ചക്കറികൾ പോകുന്നത്.

ഉല്പാദന കുറവും തമിഴ്നാട്ടിലെ വരവ് നിലച്ചതും തിരിച്ചടി

സംസ്ഥാനത്തിലെ ഉല്പാദന കുറവും തമിഴ്നാട്ടിൽ നിന്നുള്ള വരവ് നിലച്ചതും വിപണിക്ക് വിനയായി. കൊവിഡിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ ഭൂരിപക്ഷം കർഷകരും കൃഷിയിറക്കിയിരുന്നില്ല. ഇതാടെ ഉല്പാദനം നിലച്ചതാണ് ഇപ്പോഴത്തെ അവസ്ഥക്ക് പ്രധാന കാരണമെന്ന് വേലന്താവളം പച്ചക്കറി മാർക്കറ്റിലെ പ്രധാന വ്യാപാരിയും കർഷകനുമായ ശശികുമാർ പറഞ്ഞു. തക്കാളിക്ക് ഇത്രയധികം വില ഉയർന്നത് എട്ട് വർഷങ്ങൾക്ക് മുമ്പാണ്. കഴിഞ്ഞ ആറ് മാസം മുമ്പ് 50- 100 രൂപയായിരുന്നു ഒരുപെട്ടി തക്കാളിയുടെ വില.